Kannur

കണ്ണൂർ ചിറ്റാരിപ്പറമ്പിൽ സീനിയർ വിദ്യാർഥികളുടെ മർദ്ദനത്തിൽ ഒമ്പതാം ക്ലാസുകാരന് പരിക്കെന്ന് പരാതി; സ്കൂളിൽ അടിയന്തര യോഗം

Please complete the required fields.




കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മുതിർന്ന വിദ്യാർഥികൾ മർദ്ദിച്ചതായി പരാതി. കളരിക്കൽ റോഡിലെ റബീഹ് (14) നാണ് ആക്രമണത്തിൽ പരിക്കേറ്റത്. മർദ്ദനത്തെ തുടർന്ന് റബീഹിന്റെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടു. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി പല്ലുകൾ പുനഃസ്ഥാപിച്ചു.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന കണ്ണവം ഭാഗത്ത് നിന്നുള്ള അഞ്ചു വിദ്യാർഥികൾ റബീഹിനെ ബലമായി പിടിച്ചുകൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. വിദ്യാലയത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമല്ലാത്ത സ്റ്റെയർകേസ് ഭാഗത്തേക്ക് പിടിച്ച്കൊണ്ടുപോയി ആക്രമിച്ചെന്നാണ് പരാതിയിൽ പറയപ്പെടുന്നത്. ഷൂ ധരിച്ച കാലുകൊണ്ട് മുഖത്ത് ചവിട്ടിയതിനെ തുടർന്നാണ് ഗുരുതര പരിക്കേറ്റതും പല്ലുകൾ നഷ്ടമായതും.

സംഭവവുമായി ബന്ധപ്പെട്ട് റബീഹിന്റെ മാതാവ് കണ്ണവം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമിച്ച വിദ്യാർഥികൾക്കെതിരെ മുമ്പും ഇത്തരത്തിലുള്ള പരാതികൾ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇന്ന് പി.ടി.എ.യുടെയും ജാഗ്രത സമിതിയുടെയും അടിയന്തര യോഗം സ്കൂളിൽ ചേരും.

Related Articles

Back to top button