കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്: കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊളത്തൂര്‍ എരമംഗലം സ്വദേശിയായ ബിനീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ മാസം 25നായിരുന്നു ബിനീഷിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ക്ഷേത്രോത്സവത്തിനിടെ ബിനീഷും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. പിറ്റേദിവസം ക്ഷേത്രപരിസരത്ത് അബോധാവസ്ഥയില്‍ വീണുകിടക്കുന്ന നിലയില്‍ ബിനീഷിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനമാണെന്ന ബന്ധുക്കളുടെ പരാതിയില്‍ കാക്കൂര്‍ പോലീസ് കേസ് എടുത്തിരുന്നു.
ബിനീഷ് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മരിച്ചതാണെന്ന പരാതിയില്‍ ബിനീഷിന്റെ കുടുംബം ഉറച്ചു നില്‍ക്കുകയാണ്. ബിനീഷിന്റെ ദേഹത്തും തലയിലും പാടുകള്‍ ഉണ്ടായിരുന്നെന്ന് കുടുംബം പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.





