
കോഴിക്കോട്: കല്ലായിയിലെ ബേക്കറിക്ക് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള കൊളംബോ ബേക്കറിക്കാണ് തീപിടിച്ചത്. വേങ്ങേരി സ്വദേശി പി.ടി. ഫക്രുദ്ദീന്റേതാണ് സ്ഥാപനം.
ചൊവ്വാഴ്ച പുലർച്ച രണ്ടോടെ ബേക്കറിയിൽനിന്ന് പുകവരുന്നതുകണ്ട ഇഖ്റ കമ്യൂണിറ്റി ക്ലിനിക്കിലെ പി.ആർ.ഒ റസാഖ് അഗ്നിസുരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. മീഞ്ചന്ത സ്റ്റേഷനിൽനിന്നുള്ള രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. അകത്തുള്ള രണ്ട് ഗ്യാസ് സിലിണ്ടറും ഡീസൽ കാനും ഉടൻ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തമുണ്ടായപാടേ കെ.എസ്.ഇ.ബിയിൽ അറിയിച്ച് വൈദ്യുതി ബന്ധം ഒഴിവാക്കുകയും ചെയ്തിരുന്നു. ബേക്കറി സാധനങ്ങളും ജനറേറ്റർ, ഫ്രിഡ്ജ്, കൂളർ, കാബിനറ്റുകൾ, റാക്കുകൾ എന്നിവയുമെല്ലാം കത്തിയമർന്നിട്ടുണ്ട്.
ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് നിഗമനം. പ്രമീളയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അഗ്നിസുരക്ഷ സേനയിലെ റോബിൻ വർഗീസ്, ഇ. ശിഹാബുദ്ദീൻ, കെ.വി. സജിലൻ, എൻ. ബിനീഷ്, എ. ലൈജു, വി.പി. രാഗിൻ, പി. രാഹുൽ, വി.കെ. അനൂപ്, സി.പി. ബിനീഷ്, കെ. ശിവദാസൻ, ഒ.കെ. പ്രജിത്ത് എന്നിവരാണ് തീയണച്ചത്





