Kozhikode

കൂരാച്ചുണ്ടിൽ കാട്ടാന വീണ്ടും കൃഷിനശിപ്പിച്ചു

Please complete the required fields.




കൂരാച്ചുണ്ട് : ഓട്ടപ്പാലം, മണ്ടോപ്പാറ മേഖലകളിൽ കാട്ടാനയിറങ്ങി വീണ്ടും കൃഷി നശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂരാച്ചുണ്ട് ഓട്ടപ്പാലത്തെയും പരിസരമേഖലകളിലെയും കൃഷിയിടങ്ങളിൽ കാട്ടാനകൾ പതിവായി എത്തുകയാണ്. വൻ കൃഷിനാശമാണ് മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയും കാട്ടാന കൃഷിയിടത്തിലിറങ്ങി നാശം വിതയ്ക്കുകയായിരുന്നു. കുമാരൻ പനന്തോട്ടത്തിൽ, ബേബി കാനാട്ട്, പൗലോസ് നേടിയ പാലക്കൽ, റോബിൻ പുത്തൻപുരയ്ക്കൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാന നാശംവിതച്ചത്. കുമാരന്റെ വീട്ടിലെ വിറകുപുരയും കാട്ടാന തകർത്തിട്ടുണ്ട്. കഴിഞ്ഞദിവസം ഒൻപതാം വാർഡിലെ കല്ലാനോട് അകമ്പടി താഴെ മേഖലയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന നാശം വിതച്ചിരുന്നു. വടുതല ആന്റണി, വടുതല ചാക്കോ എന്നിവരുടെ വാഴ ഉൾപ്പടെയുള്ള കാർഷികവിളകൾ നശിപ്പിച്ചു. പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കയറിയാണ് ആനകൾ എത്തുന്നത്.

കൂരാച്ചുണ്ടിലെ ജനവാസമേഖലയിൽ സ്ഥിരമായെത്തി കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താനായി ആർ.ആർ.ടി. സംഘം തിങ്കളാഴ്ച സ്ഥലത്തെത്തി. വി.ടി. സൂരജ് എം.എൽ.എ.യുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വിളിച്ചുചേർത്ത ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകപ്രതിനിധികൾ എന്നിവരുടെ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ആർ.ആർ.ടി. ടീം പ്രദേശത്തെത്തിയത്. ഡ്രോൺ ഉപയോഗിച്ച് ആനകളുടെ സാന്നിധ്യം തിരിച്ചറിയാനും ശ്രമം നടത്തിയിരുന്നുവെങ്കിലും മൂടൽമഞ്ഞ് കാരണം വിജയിച്ചില്ല. കാട്ടാനക്കൂട്ടം വീണ്ടും ഇറങ്ങാൻ സാധ്യതയുള്ളതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും വാച്ചർമാരുടെയും സംഘം മേഖലയിൽ രാത്രി തമ്പടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാട്ടാനശല്യത്തിന് പരിഹാരം കാണുന്നതുവരെ മേഖലയിൽ ജാഗ്രത തുടരാനാണ് തീരുമാനം.

Related Articles

Back to top button