
കോഴിക്കോട് : പുതിയങ്ങാടിയിൽ നിർത്തിയിട്ട കാറിൽ പിക്കപ്പ് ലോറിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. ലോറിയിലുണ്ടായിരുന്ന കണ്ണൂർ ഒടുവള്ളി സ്വദേശികളായ ചപ്പാരപ്പടവ് തെയ്യത്തുവളപ്പിൽ വിഷ്ണു (20), ഡ്രൈവർ അതുൽ (21) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച പുലർച്ചെ 3.45-ഓടെയായിരുന്നു അപകടം. കാറിലെ യാത്രക്കാർക്കാർക്കും പരിക്കില്ല.
കണ്ണൂരിലെ സ്വകാര്യ കിടക്കനിർമാണക്കമ്പനിയുടെ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ബീച്ച് സ്റ്റേഷനിലെ അഗ്നിരക്ഷാസേനാംഗങ്ങളാണ് ഇരുവരെയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. റോഡിൽ അപകടത്തിൽപ്പെട്ട് കിടക്കുന്ന ഇവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല. ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വി.എം. സതീശനും സംഘവും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.





