
കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകൾ തുടരുന്നു, ഇക്കുറി പണം നഷ്ടമായത് ഓൺലൈൻവഴി ഗ്രാനൈറ്റ് ബുക്ക് ചെയ്ത യുവാവിന്. 50,999 രൂപയാണ് നഷ്ടമായത്. മൊബൈൽ ഫോണിൽ ലിങ്ക് അയച്ച് നൽകി ക്യു.ആർ കോഡ് കൈക്കലാക്കിയാണ് തട്ടിപ്പ് സംഘം അര ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്. ചാലാട് സ്വദേശി സി.കെ പുരത്തെ കെ. രജീഷിന്റെ പണമാണ് തട്ടിയത്. നവംബർ ഏഴിനാണ് ഓൺലൈൻ വഴി 26,000 രൂപ വിലവരുന്ന ഗ്രാനൈറ്റ് വാങ്ങാനായി ബുക്ക് ചെയ്തത്.
തുടർന്ന് യുവാവിന്റെ ഗൂഗിൾ പേ അക്കൗണ്ട് വിവരങ്ങൾ സംഘം കൈക്കലാക്കുകയായിരുന്നു. അക്കൗണ്ടിൽ നിന്ന് 50,999 രൂപ പിൻവലിച്ചതായി എസ്.എം.എസ് വന്നതോടെയാണ് തട്ടിപ്പിനിരയായത് അറിഞ്ഞത്. തുടർന്ന് രജീഷ് ടൗൺ പൊലീസിൽ പരാതിനൽകി. കേസെടുത്ത് അന്വേഷണം തുടങ്ങി.





