Kozhikode

കേരളത്തിന്റെ സമ്പദ് വ്യവസ്ഥ 122 ശതമാനം ഉയർത്തിയ സർക്കാരാണ് എൽഡിഎഫിന്റേത്‌ ; എം.വി. ശ്രേയാംസ്‌കുമാർ

Please complete the required fields.




കോഴിക്കോട് : യുഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം അഞ്ചുലക്ഷം കോടിയായിരുന്നതിനെ എൽഡിഎഫ് സർക്കാർ നൂറ്റിയിരുപത്തിരണ്ട് ശതമാനം ഉയർത്തി പന്ത്രണ്ട് ലക്ഷം കോടിയാക്കി മാറ്റിയെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്‌കുമാർ അഭിപ്രായപ്പെട്ടു. കേരളത്തിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ കാര്യത്തിലും എൽഡിഎഫ് അറുപത്തിനാല് ശതമാനം വർധനയാണുണ്ടാക്കിയത്. കേന്ദ്ര സർക്കാർ കേരളത്തിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് തുടരുന്നത്. അർഹതപ്പെട്ട തുകയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് എൽഡിഎഫ് കേരളത്തിലേക്ക് വലിയവികസനങ്ങൾ നടപ്പാക്കിയതെന്നത് പ്രശംസനീയമാണ്.

വികസനത്തുടർച്ചയ്ക്കും കേരളത്തിന്റെ ഭാവിക്കും മൂന്നാമതും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ വാർഡുകളിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സംഘടിപ്പിച്ച കുടുംബസംഗമങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടക്കാവ്, മൂന്നാലിങ്ങൽ, ആഴ്ചവട്ടം എന്നീ തദ്ദേശ തിരഞ്ഞെടുപ്പ് കുടുംബസംഗമങ്ങളിൽ സംസാരിച്ചു.

എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന ക്ഷേമപ്രവർത്തനങ്ങൾ മാത്രമാണ് ജനങ്ങളുടെ മുൻപാകെ പറയാനുള്ളത്. അനാവശ്യ രാഷ്ട്രീയവിവാദങ്ങൾ പറഞ്ഞ് സമയം കളയാനില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയുടെ പേര് പറഞ്ഞ് കേരളത്തിന് അവകാശപ്പെട്ട സർവശിക്ഷാ അഭിയാന്റെ തുക തരാതിരിക്കുന്ന നയമാണ് കേന്ദ്രം തുടരുന്നതെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു.

അൻപതിനായിരം സ്മാർട്ട് ക്ലാസ് റൂമുകളാണ് കേരളത്തിൽ സർക്കാർ നടപ്പാക്കിയത്. ലൈഫ് പദ്ധതിയിലൂടെ കോർപ്പറേഷനിൽമാത്രം നാലായിരം വീടുകളാണ് സർക്കാർ നൽകിയത്. കിഫ്ബി ഫണ്ടുപയോഗിച്ച് ആയിരത്തി ഇരുനൂറ്റിതൊണ്ണൂറ് പദ്ധതികളാണ് നടപ്പിലാക്കിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ദുരന്ത നിവാരണ രംഗത്തും, മാലിന്യ സംസ്കരണത്തിലും കേരള മോഡൽ എന്നവകാശപ്പെടാവുന്ന തരത്തിൽ മുന്നേറാൻ സാധിച്ചു.

മുണ്ടക്കൈ ദുരിതബാധിത പ്രദേശത്തെ ആളുകൾക്ക് കല്പറ്റ നഗരത്തിൽ മനോഹരമായ വീടുകളാണ് സർക്കാർ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അറുപത്തിനാലുലക്ഷം വീടുകളിലാണ് സർക്കാർ ക്ഷേമപെൻഷനെത്തിക്കുന്നത്. ഇനി മുപ്പത് ലക്ഷം വീടുകളിലെ സ്ത്രീകൾക്കുകൂടി പെൻഷൻ അനുവദിച്ച് കഴിഞ്ഞു. സമാനതകളില്ലാത്ത വികസനമെന്ന ലക്ഷ്യത്തിന് എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Related Articles

Back to top button