Kozhikode

മഴക്കാലത്ത് മൂന്നാൾ താഴ്ച; മുന്നറിയിപ്പുബോർഡുകളോ ഉപകരണങ്ങളോ ഇല്ല

Please complete the required fields.




കോഴിക്കോട് : കുറ്റിച്ചിറയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ടി.ടി. യഹിയ മുങ്ങിമരിച്ച സാഹചര്യത്തിൽ കുളത്തിലെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മഴക്കാലമായതിനാൽ അപകടസമയത്ത് കുളത്തിൽ മൂന്നാൾപ്പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു. ഒട്ടേറെപ്പേർ കുളിക്കാനും നീന്തൽ പരിശീലനം നടത്താനുമെത്തുന്ന ഇവിടെ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ഉപകരണങ്ങളോ ഇല്ല. വെള്ളത്തിൽ വീണാൽ രക്ഷപ്പെടുത്താനാവശ്യമായ ലൈഫ് ബോയകളും ലൈഫ് ജാക്കറ്റുകളും കയറുകളും മുൻപ് സ്ഥാപിച്ചിരുന്നെങ്കിലും നഷ്ടപ്പെട്ടു.

നവീകരിച്ചതോടെ പുറമേനിന്ന് നഗരത്തിലെത്തുന്ന പലരും കുളം കാണാനെത്തുന്നുണ്ട്. കുളത്തിന്റെ സ്വഭാവമറിയാത്ത ഇവരിൽ പലരും വെള്ളത്തിറങ്ങുന്നതും പതിവാണ്. ലൈറ്റുകൾ പലതും കേടായി കത്താത്ത നിലയിലായതിനാൽ കുളത്തിനു ചുറ്റും രാത്രി ഇരുട്ടാണ്. ലൈറ്റുകൾ ഉടനടി നന്നാക്കണമെന്ന് കുറ്റിച്ചിറ കുളം സംരക്ഷണസമിതിയുടെ യോഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ബോർഡുകൾ തയ്യാറാക്കി സ്ഥാപിക്കാനിരിക്കെയാണ് അപകടമുണ്ടായത്.
രണ്ടുവർഷംമുൻപ് സമാനമായ രീതിയിൽ ഒരു വിദ്യാർഥി ഇവിടെ മുങ്ങിമരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് കുറ്റിച്ചിറ കുളത്തിൽ ഒരാൾ മുങ്ങിപ്പോയതായി സംശയം തോന്നിയതിനാൽ നാട്ടുകാരും അഗ്നിരക്ഷാസേനയും രാത്രി പത്തുവരെ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടത്താനായിരുന്നില്ല.

ഞായറാഴ്ച അപകടം നടന്ന കുളത്തിന്റെ പടിഞ്ഞാറുവശത്തെ ഭാഗം ചെളിനിറഞ്ഞതാണെന്നും നാട്ടുകാരാരും ആ ഭാഗത്തേക്ക് പോകാറില്ലെന്ന് കുറ്റിച്ചിറ കുളത്തിൽ 16 വർഷങ്ങളായി നീന്തൽപരിശീലനം നൽകുന്ന അഫ്ത്തർ പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ കുളത്തിലെ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷന് കത്തു നൽകാനൊരുങ്ങുകയാണ് ബീച്ച് അഗ്നിരക്ഷാ നിലയം.

Related Articles

Back to top button