പക്ഷിപ്പനി സ്ഥിരീകരിച്ച കുന്ദമംഗലം ചാത്തമംഗലം സർക്കാർ മേഖലാ പൗൾട്രി ഫാമിലെ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിത്തുടങ്ങി

ചാത്തമംഗലം : പക്ഷിപ്പനി സ്ഥിരീകരിച്ച കുന്ദമംഗലം ചാത്തമംഗലം സർക്കാർ മേഖലാ പൗൾട്രി ഫാമിലെ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിത്തുടങ്ങി. ഇവിടെ 1800 കോഴികൾ പക്ഷിപ്പനി ലക്ഷണങ്ങളോടെ ചത്തു. ഇതേത്തുടർന്നാണ് ഫാമിലെ 11,000 കോഴികളെ കൊന്നൊടുക്കാനും 40,000 മുട്ടകൾ നശിപ്പിക്കാനും തീരുമാനിച്ചത്. 4579 കോഴികളെയാണ് വെള്ളിയാഴ്ച കൊന്നത്. ബാക്കിയുള്ളവയെ ശനിയാഴ്ച കൊല്ലും. ക്ലോറോഫോം ഉപയോഗിച്ച് മയക്കിയശേഷമാണ് കോഴികളെ കൊന്നത്. തുടർന്ന്് ചാക്കിൽക്കെട്ടി നേരത്തേ തയ്യാറാക്കിയ ചൂളയിൽ കത്തിക്കുകയായിരുന്നു.
ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വളർത്തുപക്ഷികളെയും കൊല്ലുന്നുണ്ട്. രോഗവ്യാപനസാധ്യതയുള്ള 10 കിലോമീറ്റർ ചുറ്റളവിൽ അതിജാഗ്രതാ നിർദേശമുണ്ട്. ഇവിടേക്ക് പക്ഷികളെ കൊണ്ടുവരുന്നതും പുറമേക്ക് കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്. കോഴി ഇറച്ചി, മുട്ട എന്നിവയുടെ വിൽപ്പന പാടില്ല. അതിവേഗവ്യാപനശേഷിയുള്ള എച്ച്-ഫൈവ് എൻ-വൺ രോഗമാണ് ഫാമിലെ കോഴികളിൽ കണ്ടെത്തിയത്.
ഫാമിലെ ഒരു ഡോക്ടറടക്കം 14 ജീവനക്കാർ ക്വാറന്റീനിലാണ്. ഇവർക്ക് പനി ലക്ഷണമുണ്ട്. ഇവരിൽനിന്ന് ശേഖരിച്ച സാംപിളുകൾ ഭോപാൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ഞായറാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാമിലെ ജീവനക്കാരും ആർ.ആർ.ടി. അംഗങ്ങളും പ്രതിരോധമരുന്ന് കഴിക്കുന്നുണ്ട്. കോഴികളെ കൊല്ലുന്നതിനായി 10 സ്ക്വാഡുകളാണുള്ളത്. മൂന്ന് സ്ക്വാഡുകൾ ഫാമിനുള്ളിലും മറ്റുളളവർ പുറത്തുമാണ്.
തിരുവല്ല മഞ്ഞാടിയിലെ ലാബിൽനിന്ന് പരിശോധനാഫലംവന്ന ഉടനെ ഫാം അടച്ചു. കോഴികളെ കൊല്ലുകയും മുട്ട നശിപ്പിക്കുകയും ചെയ്തതിനാൽ 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. രണ്ട് ദിവസമെടുത്ത് ശുചീകരണം പൂർത്തിയാക്കുമെങ്കിലും ഇനി മൂന്നുമാസത്തിനുശേഷമേ ലാബ് വീണ്ടും പ്രവർത്തനസജ്ജമാവൂ. തള്ളക്കോഴികളെയും കുഞ്ഞുങ്ങളെയും പൂർണമായി കൊന്നൊടുക്കുന്നതിനാലാണിത്. സർക്കാരിന്റെ ജൈവമാതൃശേഖരത്തിന്റെ ഭാഗമാണ് ലാബ്.





