Kozhikode

സ്വത്തിനുവേണ്ടി വയോധികയായ അമ്മയെ കൊലപ്പെടുത്താൻശ്രമം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട്: സ്വത്തിനുവേണ്ടി അമ്മയെ കൊലപ്പെടുത്താൻശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടിൽ സലിൽ കുമാറി(50)നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്.
വേങ്ങേരി കൊടക്കാട് വീട്ടിൽ താമസിക്കുന്ന 76 വയസ്സുള്ള വയോധികയെ വീടും സ്ഥലവും ബാങ്കിലുള്ള ഡിപ്പോസിറ്റും ആവശ്യപ്പെട്ടുകൊണ്ട് മകൻ സലിൽ കുമാർ ഉപദ്രവിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വയോധിക മുറിയിലിരിക്കുമ്പോൾ പ്രതി വാതിൽ തള്ളിത്തുറന്ന്, ചീത്തവിളിക്കുകയും വീടും സ്ഥലവും ബാങ്കിലുള്ള ഡിപ്പോസിറ്റും എഴുതിത്തരണമെന്നുപറഞ്ഞ് കൈകൊണ്ട് വയോധികയുടെ നെഞ്ചത്തുകുത്തുകയും മുഖത്തടിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

സ്വത്ത് ഇപ്പോൾ എഴുതിത്തരില്ലെന്നുപറഞ്ഞപ്പോൾ റൂമിലുണ്ടായിരുന്ന നിലവിളക്കുകൊണ്ട് വയോധികയുടെ തലയ്ക്കടിക്കാൻശ്രമിച്ചെന്നും പോലീസ് പറഞ്ഞു. വീട്ടിലെ ബഹളംകേട്ട് ഓടിയെത്തിയ അടുത്തവീട്ടിലെ യുവാവ് പ്രതിയെ പിടിച്ചുമാറ്റി. തുടർന്ന്, വയോധികയുടെ പരാതിയിൽ ചേവായൂർ പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണംനടത്തുകയായിരുന്നു. പ്രതിയെ വേങ്ങേരിയിൽനിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നിർദേശപ്രകാരം എസ്ഐമാരായ റഷീദ്, മിജോ, എഎസ്ഐ വിജേഷ്, സിപിഒ ദീപക് എന്നിവർചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button