
കോഴിക്കോട് : സ്കൂളിൽനിന്നു പൊലീസ് സ്റ്റേഷൻ സന്ദർശിക്കാൻ എത്തിയ പി.യുവൻദേവിന് തിരിച്ചുകിട്ടിയത് 10 ദിവസം മുൻപ് നഷ്ടപ്പെട്ട തന്റെ സൈക്കിൾ. ലഹരിവിരുദ്ധ ദിനത്തിൽ നല്ലളം എഎൽപി സ്കൂളിൽ നിന്നു കുട്ടികളെ പൊലീസ് സ്റ്റേഷൻ സന്ദർശിക്കാൻ കൊണ്ടു പോയതാണ് ഈ നാലാം ക്ലാസുകാരനു തുണയായത്.
കഴിഞ്ഞ 16നു ക്ലാസ് കഴിഞ്ഞു പോകുമ്പോൾ യുവൻദേവ് സൈക്കിൾ എടുക്കാൻ മറന്നു. സ്കൂളിലേക്കുള്ള വഴിയിലായിരുന്നു സൈക്കിൾ നിർത്തിയിരുന്നത്. സ്കൂൾ വളപ്പിലാകും എന്നു കരുതി രക്ഷിതാക്കൾ കാര്യമാക്കിയില്ല. 19നു സ്കൂളിൽ എത്തി തിരഞ്ഞെങ്കിലും സൈക്കിൾ കണ്ടെത്താനായില്ല.
എങ്ങനെ നഷ്ടപ്പെട്ടു എന്നതിൽ വ്യക്തതയില്ലാത്തതിനാൽ പൊലീസിൽ പരാതി നൽകിയിരുന്നില്ല. അന്നു രാത്രി പട്രോളിങ് ഡ്യൂട്ടിക്കിടെ സ്കൂളിലേക്കുള്ള വഴിയിൽ കുഞ്ഞു സൈക്കിൾ കിടക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഇതു കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിൽ സൂക്ഷിച്ചു വരികയായിരുന്നു.
സഹപാഠികൾക്കൊപ്പം നല്ലളം സ്റ്റേഷൻ സന്ദർശിക്കുന്നതിനിടെ തന്റെ സൈക്കിൾ നഷ്ടപ്പെട്ട കാര്യം യുവൻദേവ് പൊലീസിനോടു സൂചിപ്പിച്ചു. ഇതോടെ എസ്ഐ എം.ടി.മനോജിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ സൂക്ഷിച്ച സൈക്കിൾ കാണിച്ചു കൊടുത്തു. തന്റെ സൈക്കിൾ ആണെന്നു അറിയിച്ചപ്പോൾ അധ്യാപകരുടെ സാന്നിധ്യത്തിൽ കൈമാറി.
പ്രധാനാധ്യാപിക കെ.സുഷമ, കെ.എം.ഹിഫ്ളു റഹ്മാൻ, രമ്യ കെ.രാമകൃഷ്ണൻ, എൻ.ദീപ്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ പൊലീസ് സ്റ്റേഷൻ സന്ദർശനം.





