Kollam

പട്ടാപ്പകല്‍ ബൈക്കിലെത്തി ക്ഷേത്രവഞ്ചികള്‍ കവര്‍ന്നു; ദമ്പതിമാര്‍ അറസ്റ്റില്‍

Please complete the required fields.




പുത്തൂര്‍ : പട്ടാപ്പകല്‍ ബൈക്കിലെത്തി ക്ഷേത്രവഞ്ചികള്‍ കവര്‍ന്ന കേസില്‍ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍മേക്ക് മുറിയില്‍ ആഞ്ഞിലിമൂട്ടില്‍ കിഴക്കേതില്‍ മുഹമ്മദ് അന്‍വര്‍ഷ (25), ഭാര്യ കൃഷ്ണപുരം വേലയ്ക്കുകോളനി ശിവജിഭവനില്‍ സരിത (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 26-ന് ഉച്ചയ്ക്ക് പൂവറ്റൂര്‍ പടിഞ്ഞാറ് മാവടി പുനരൂര്‍ക്കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലായിരുന്നു മോഷണം.

കൊട്ടിയത്തെ ഒരു ലോഡ്ജില്‍ ഇവരുണ്ടെന്ന വിവരം പുത്തൂര്‍ പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് സ്‌ക്വാഡും കൊട്ടിയം പോലീസും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

മാവടിയിലെ ക്ഷേത്രമുറ്റത്തെത്തി തൊഴാനെന്ന വ്യാജേന നിന്നശേഷം കൊടിമരച്ചുവട്ടിലെയും ഉപദേവാലയങ്ങളുടെ മുന്നിലേതും ഉള്‍പ്പെടെ മൂന്നു വഞ്ചികള്‍ കവര്‍ന്ന് കടന്നുകളയുകയായിരുന്നു. മൈലംകുളം ക്ഷേത്രത്തിനു സമീപത്തെ റബര്‍ പുരയിടത്തില്‍നിന്ന് പിന്നീട് തുറന്ന വഞ്ചികള്‍ കണ്ടെത്തിയിരുന്നു.

മൂവായിരത്തോളം രൂപ വഞ്ചിയിലുണ്ടായിരുന്നെന്നും ആലപ്പുഴ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും ഇവരുടെ പേരില്‍ സമാനരീതിയിലുള്ള മോഷണക്കേസുകളുണ്ടെന്നും പോലീസ് പറയുന്നു.പ്രതികളെ ക്ഷേത്രത്തിലെത്തിച്ചു തെളിവെടുത്തു. പുത്തൂര്‍ എസ്.ഐ. ബാലു ബി.നായര്‍, എ.എസ്.ഐ. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ തെളിവെടുപ്പിന് എത്തിച്ചതും തുടര്‍നടപടികളും നടത്തിയത്.

Related Articles

Back to top button