
താമരശ്ശേരി : നായാട്ടുസംഘത്തിൽപ്പെട്ടയാൾ നാടൻതോക്കും വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി വനപാലകരുടെ പിടിയിൽ. കാക്കൂർ കുറിഞ്ഞിമലയിൽ രാജനെ(59)യാണ് പുതുപ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ടി. ബിജുവിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം കാക്കൂരിൽ പിടികൂടിയത്. താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ, ആർആർടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഷാജീവ് എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബിഎഫ്ഒമാരായ എം.ടി. സുധീഷ്, അൻവർ, ആതിര, ഫോറസ്റ്റ് വാച്ചർമാരായ ലെജുമോൻ, രവി, കരിം, ഡ്രൈവർ ശിവാനന്ദൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
കാട്ടുപന്നിയെ വെടിവെച്ചും കെണിവെച്ചും പിടിച്ച് ആവശ്യക്കാർക്ക് ഇറച്ചിവിപണനം നടത്തുന്ന നായാട്ടുസംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും അനധികൃത വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, നാടൻതോക്ക്, കാട്ടിറച്ചി എന്നിവ പ്രതിയിൽനിന്ന് പിടികൂടിയതായും വനപാലകർ അറിയിച്ചു. താമരശ്ശേരി ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ രാജനെ കോഴിക്കോട് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.





