
തിരുവനന്തപുരം: അനർഹമായി മുൻഗണനാ/എ.എ.വൈ. വിഭാഗം കാർഡുകൾ കൈവശം വച്ചിരുന്നവർക്ക് ആയവ സ്വമേധയാ ഒഴിവാകുന്നതിന് അവസരം നല്കുകയും അത്തരത്തിൽ ലഭിക്കുന്ന ഒഴിവുകളിലേക്ക് അർഹരായ കുടുംബങ്ങൾക്ക് മുൻഗണനാ/ എ.എ.വൈ. കാർഡുകൾ നല്കുന്നതിന് തീരുമാനിക്കുകയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഏറ്റവും അർഹരായ കുടുംബങ്ങൾക്ക് മുൻഗണനാ/എ.എ.വൈ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ഔദ്യോഗിക ചേമ്പറിൽ വച്ച് നിർവഹിച്ചു.
പൊതുവിതരണ വകുപ്പ് ഡയറക്ടർ ഡോ. ഡി. സജിത്ത് ബാബു ഐ.എ.എസ് ചടങ്ങിൽ പങ്കെടുത്തു. സിറ്റി റേഷനിംഗ് ഓഫീസ് (സൌത്ത്), സിറ്റി റേഷനിംഗ് ഓഫീസ് (നോർത്ത്), താലൂക്ക് സപ്ലൈ ഓഫീസ് തിരുവനന്തപുരം, താലൂക്ക് സപ്ലൈ ഓഫീസ് നെടുമങ്ങാട്, താലൂക്ക് സപ്ലൈ ഓഫീസ് കാട്ടാക്കട എന്നീ ഓഫീസ് പരിധികളിലുള്ള അർഹരായ ഓരോ കുടുംബങ്ങൾക്ക് വീതമാണ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി എ.എ.വൈ കാർഡുകൾ നല്കിയത്. സർക്കാരിന്റെ നിർദ്ദേശ പ്രകാരം അനർഹ കാർഡുകൾ ഒഴിവാക്കുന്നതിന് 1,25,070 കാർഡുടമകൾ മുന്നോട്ട് വന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇനിയും തയ്യാറാകാത്തവർ അടിയന്തിരമായി അർഹതയില്ലാത്ത കാർഡുകൾ തിരിച്ചേൽപ്പിക്കുകയാണെങ്കിൽ അർഹരായ കൂടുതൽ കുടുംബങ്ങൾക്ക് നല്കാനാകുമെന്നും ജനങ്ങൾ സർക്കാരുമായി സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.





