
ഇരിട്ടി: വിളക്കോട് ചാക്കോട് വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ഒരാൾകൂടി പിടിയിൽ. ചാക്കോട് സ്വദേശി ജ്യോതിഷിനെയാണ്(29) മുഴക്കുന്ന് പൊലീസ് വെളളിയാഴ്ച അറസ്റ്റ് ചെയ്തത്. ബോംബ് എറിയുന്നതിന് ഇടയിൽ പരിക്കുപറ്റി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചക്കോട് സ്വദേശി ഇസ്ഹാക്കിനെ (38) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് കൂട്ടുപ്രതികളിൽ ഒരാൾക്കൂടി പിടിയിലായത്. അറസ്റ്റിലായ രണ്ടുപേരും സി.പി.എം പ്രവർത്തകരാണ്. ഒന്നിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 19നാണ് സംഭവം. എസ്.ഡി.പി.ഐ പ്രവർത്തകൻ പൂവനാണ്ടി ഹാഷിമിന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. സംഭവത്തിന് പിന്നിലെ രാഷ്ട്രീയ വൈരാഗ്യത്തെക്കുറിച്ചും അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.





