Kozhikode

ദേശീയപാതാ വികസനം: സർവീസ് റോഡിന് പലയിടത്തും വീതിയില്ല

Please complete the required fields.




കൊയിലാണ്ടി : ദേശീയപാത ആറുവരിയിൽ വികസിപ്പിച്ചപ്പോഴും സർവീസ് റോഡിന് പലയിടത്തും ആവശ്യത്തിന് വീതിയില്ല. ചെങ്ങോട്ടുകാവിനും കോമത്തുകരയ്ക്കുമിടയിൽ പലസ്ഥലത്തും വീതി നന്നേകുറവാണ്. ചെങ്ങോട്ടുകാവ് അണ്ടർപ്പാസ് കഴിഞ്ഞുള്ള റോഡിലും സമാനമാണ് അവസ്ഥ. തിരുവങ്ങൂരിൽ കോഴിക്കോട് ഭാഗത്തുനിന്ന് സർവീസ് റോഡിലൂടെ വാഹനങ്ങൾ വരുമ്പോൾ, എതിർദിശയിൽ കാപ്പാടു റോഡുവഴി എത്തുന്ന വാഹനങ്ങൾക്ക് അണ്ടർപ്പാസ് കടന്ന് കുനിയിൽക്കടവ് പാലം കടന്നുപോകേണ്ടിവരും. സർവീസ് റോഡ് ടൂ വേ ആക്കിയാൽ മാത്രമേ ഇവിടെ രക്ഷയുള്ളൂ. അതിന് ആവശ്യമായ വീതി ഈ ഭാഗത്തെ സർവീസ് റോഡിനില്ല.

സർവീസ് റോഡിന് വീതികുറവുള്ള സ്ഥലത്ത് ഓവുചാലിന് മുകളിലിട്ട സ്ലാബിന് മുകളിലൂടെയാണ് വാഹനങ്ങൾ ഓടുക. സ്ലാബിന് കനം കുറവായതിനാൽ പലയിടത്തും ഇപ്പോൾ തകർന്നുകിടപ്പാണ്. ഇരുചക്രവാഹനങ്ങൾ കയറിയാൽ തന്നെ സ്ലാബുകൾ തകരും. അപ്പോഴാണ് ഭാരംകയറ്റിയ ലോറികളും നിറയെ യാത്രക്കാരുമായി ബസുകളും സ്ലാബിന് മുകളിലൂടെ പോകുക. ഇത് അപകടം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുക. മുത്താമ്പി അണ്ടർപ്പാസിനും പന്തലായനിയ്ക്കുമിടയിൽ പലയിടത്തും സർവീസ് റോഡിലെ ഓവുചാലിന് മുകളിലിട്ട സ്ലാബുകൾ പൊട്ടിത്തകർന്നു കിടക്കുകയാണ്.

ദേശീയപാതയുടെ ഭാഗമായ സർവീസ് റോഡുകൾക്ക് ആവശ്യത്തിന് വീതിയില്ലെന്ന കാര്യം ഷാഫി പറമ്പിൽ എം.പി. കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇക്കാര്യം പരിശോധിക്കുമെന്നും ആവശ്യമായിടത്ത് സർവീസ് റോഡ് വികസിപ്പിക്കുമെന്നും കളക്ടർ അറിയിച്ചിരുന്നു. കൃത്യമായി ഏഴുമീറ്റർ വീതിയിലാണ് സർവീസ് റോഡ് നിർമിക്കേണ്ടത്. മതിയായഭൂമി ലഭ്യമല്ലാത്തിടത്ത് ഡ്രെയിനേജ് ഉൾപ്പടെ 5.5 മുതൽ ഏഴു മീറ്റർവരെ വീതിയിൽ സർവീസ് റോഡ് നിർമിച്ചിട്ടുണ്ടെന്നാണ് ദേശീയപാതാ അതോറിറ്റി അറിയിച്ചിരിക്കുന്നത്. എന്നാൽ പലയിടത്തും ഈ മാർഗനിർദേശത്തിൽ പറഞ്ഞ വീതിയിൽ റോഡില്ല. ഏറ്റെടുത്ത സ്ഥലം പൂർണമായി സർവീസ് റോഡിന് ഉപയോഗിച്ചിട്ടുണ്ടൊയെന്ന കാര്യം സംശയമാണ്. ഇക്കാര്യം എം.എൽ.എ.യായിരുന്ന അന്തരിച്ച കാനത്തിൽ ജമീല നിയമസഭയിൽ ഉന്നയിച്ചിരുന്നു. അഴിയൂർ-വെങ്ങളം സ്‌ട്രെച്ചിൽ സർവീസ് റോഡ് വീതി കുറച്ചാണോ നിർമിച്ചതെന്നകാര്യം പരിശോധിക്കുമെന്നായിരുന്നു പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇക്കാര്യത്തിൽ മറുപടി നൽകിയത്.

Related Articles

Back to top button