Kozhikode

കപ്പൽ തീപ്പിടുത്തം; തീര ദേശത്ത് ജാഗ്രതാ നിർദ്ദേശം; റസ്ക്യൂ ബോട്ടുപയോഗിച്ച് കോഴിക്കോട് കടലിൽ നിരീക്ഷണം

Please complete the required fields.




കോഴിക്കോട് : കേരള തീരത്തിനടുത്ത് ‘വാൻഹായ് 503’ ചരക്കു കപ്പലിന് തീപ്പിടിച്ച സാഹചര്യത്തിൽ ജില്ലയിലെ തീര ദേശത്തും ജാഗ്രതാ നിർദ്ദേശം. ജാഗ്രതയുടെ ഭാഗമായി ഇന്ന് രാവിലെ കോസ്റ്റൽ പൊലീസ് തീരദേശ മേഖലകളിൽ റസ്ക്യൂ ബോട്ടിൽ പരിശോധന നടത്തി. വടകര മുതൽ അഴിയൂർ വരെയുള്ള തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികൾ, തീരദേശ വാസികൾ, ജാഗ്രത സമിതികൾ ഉൾപെടെയുള്ളവർക്കാണ് തീരദേശ പൊലീസ് ജാഗ്രത നിർദ്ദേശം നൽകിയത്.

കടലിലോ കരയിലോ സംശയാസ്പ്ദമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുക, കണ്ടെത്തുന്ന സാധനങ്ങളിൽ സ്പർശിക്കരുത് തുടങ്ങി നിർദ്ദേശങ്ങളാണ് നൽകിയത്. ചോമ്പാല മത്സ്യ ബന്ധന തുറമുഖം കേന്ദ്രീകരിച്ച് തീരദേശ പൊലീസിൻ്റ റസ്ക്യു ബോട്ടും, ഫിഷറീസ് വകുപ്പിൻ്റ കീഴിലുളള റസ്ക്യൂ ബോട്ടും കടലിൽ നിരീക്ഷണം നടത്തുന്നുണ്ട്.
അഞ്ച് പേരടങ്ങുന്ന റസ്ക്യൂ സംഘമാണ് ഫിഷറീസ് റസ്ക്യൂ ബോട്ടിൽ നിരീക്ഷണത്തിനുള്ളത്. ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾ മാത്രമാണ് കടലിൽ മത്സ്യ ബന്ധനം നടത്തുന്നത്. ബോട്ടുകൾ കടലിലിറങ്ങാത്തതിനാൽ ആഴക്കടലിലെ വിവരങ്ങൾ ലഭിക്കുന്നതിന് നിലവിൽ തടസമുണ്ട്. കപ്പൽ അപകടം തീരത്ത് നിന്ന് 140 കിലോമീറ്റർ അകലെയായതിനാൽ തീരദേശ മേഖലയിലേക്ക് കണ്ടയിനറുകളും മറ്റും എത്താൻ സമയമെടുക്കുമെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ സജ്ജമായിരിക്കാനുള്ള നിർദ്ദേശം തീരദേശ പൊലീസിനും ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button