
ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിന് തുടർച്ചയായ രണ്ടാംവിജയം. ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ 12 റൺസിനു കീഴടക്കിയാണ് ലക്നൗ രണ്ടാം ജയം സ്വന്തമാക്കിയത്. ഇതോടെ സൺറൈസേഴ്സ് തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. ലക്നൗ മുന്നോട്ടുവച്ച 170 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ സാധിച്ചുള്ളൂ. 44 റൺസെടുത്ത രാഹുൽ ത്രിപാഠി സൺറൈസേഴ്സിൻ്റെ ടോപ്പ് സ്കോററായപ്പോൾ ലക്നൗവിനായി ആവേശ് ഖാൻ 4 വിക്കറ്റ് വീഴ്ത്തി.
170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൺറൈസേഴ്സിനും മോശം തുടക്കമാണ് ലഭിച്ചത്. കെയിൻ വില്ല്യംസൺ (16), അഭിഷേക് ശർമ്മ (13) എന്നിവരെ പുറത്താക്കിയ ആവേശ് ഖാൻ സൺറൈസേഴ്സിന് തുടക്കത്തിൽ തന്നെ തിരിച്ചടി നൽകി. വില്ല്യംസണെ ആന്ദ്രൂ തൈ പിടികൂടിയപ്പോൾ അഭിഷേക് മനീഷ് പാണ്ഡെയുടെ കൈകളിൽ അവസാനിച്ചു.
മൂന്നാം നമ്പറിലെത്തിയ രാഹുൽ ത്രിപാഠിയുടെ ഇന്നിംഗ്സാണ് സൺറൈസേഴ്സിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ആക്രമിച്ചുകളിച്ച താരം ഒറ്റക്ക് അവരെ മുന്നോട്ടുനയിച്ചു. മൂന്നാം വിക്കറ്റിൽ എയ്ഡൻ മാർക്രവുമൊത്ത് 44 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ത്രിപാഠി പങ്കാളി ആയത്. മാർക്രത്തെ (12) ലോകേഷ് രാഹുലിൻ്റെ കൈകളിലെത്തിച്ച കൃണാൽ പാണ്ഡ്യ ഈ കൂട്ടുകെട്ട് തകർത്തു. വൈകാതെ ത്രിപാഠിയും (44) കൃണാലിനു മുന്നിൽ വീണു.
അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന നിക്കോളാസ് പൂരാൻ-വാഷിംഗ്ടൺ സുന്ദർ സഖ്യം വീണ്ടും സൺറൈസേഴ്സിനു പ്രതീക്ഷ നൽകി. 48 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. ആവേശ് ഖാൻ എറിഞ്ഞ 18ആം ഓവറിൽ പൂരാനും (34), അബ്ദുൽ സമദും (0) അടുത്തടുത്ത പന്തുകളിൽ മടങ്ങിയതോടെ സൺറൈസേഴ്സ് പരാജയം മണത്തു. പൂരാനെ ദീപക് ഹൂഡയും സമദിനെ ക്വിൻ്റൺ ഡികോക്കും പിടികൂടുകയായിരുന്നു.
സ്ലോഗ് ഓവറുകളിൽ ചില ബൗണ്ടറി ഷോട്ടുകളുതിർത്ത വാഷിംഗ്ടൺ സുന്ദറും റൊമാരിയോ ഷെപ്പേർഡും ചേർന്ന് സൺറൈസേഴ്സിൻ്റെ വിജയലക്ഷ്യം അവസാന ഓവറിൽ 16 റൺസ് എന്ന നിലയിലെത്തിച്ചു. ജേസൻ ഹോൾഡർ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ വാഷിംഗ്ടൺ സുന്ദർ (18) ലോകേഷ് രാഹുലിൻ്റെ കൈകളിൽ അവസാനിച്ചു. ആ ഓവറിൽ തന്നെ ഭുവനേശ്വർ കുമാർ (1), റൊമാരിയോ ഷെപ്പേർഡ് (8) എന്നിവരും മടങ്ങി. ഭുവിയെ ഡികോക്കും ഷെപ്പേർഡിനെ ബദോനിയും പിടികൂടുകയായിരുന്നു.





