
കോഴിക്കോട് പെരുമണ്ണയ്ക്ക് സമീപം പുത്തൂര്‍ മഠം, ആമ്പിലോളി ഭാഗങ്ങളില്‍ തെരുവ് നായയുടെ കടിയേറ്റ് നാല് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ആമ്പിലോളി നഫീസ, മേലെ കുമ്മങ്ങള്‍ മൂസ, പന്തീരാങ്കാവ് പോസ്റ്റ് ഓഫീസ് ജീവനക്കാരനായ പടിഞ്ഞാറേ ചാലില്‍ സുധീഷ്, പുത്തൂര്‍ മഠത്ത് ഓട്ടോ ഡ്രൈവറായ ഫൈസല്‍ എന്നിവര്‍ക്കാണ് തെരുവു നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
നാലുപേര്‍ക്കും കൈകള്‍ക്കും നെഞ്ചിനും കാലിനും ആണ് കടിയേറ്റത്. ഇതില്‍ ആമ്ബിലോളി നഫീസയുടെ വലതു കൈയുടെ എല്ലിന് പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. മൂന്നുപേരും വീടിന് പുറത്തു നില്‍ക്കുമ്ബോഴാണ് ഓടിയെത്തിയ തെരുവുനായ കടിച്ചത്. പോസ്റ്റ് ഓഫീസ് ജീവനക്കാരനായ സുധീഷ് കത്തുകളുമായി പുത്തൂര്‍ മഠം ഭാഗത്ത് എത്തിയപ്പോഴാണ് തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റ നാലുപേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പുത്തൂര്‍ മഠം ഭാഗത്ത് ഏറെക്കാലമായി തെരുവുനായ്ക്കളുടെ രൂക്ഷമായ ശല്യം നേരിടുന്നുണ്ട്. ഇതിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പരാതി പറഞ്ഞു.
അടുത്തിടെയാണ് മൂന്നര വയസുകാരന് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെയാണ് തെരുവ് നായ ആക്രമിച്ചത്. തൃശ്ശൂര്‍ പാവറട്ടിലാണ് സംഭവം. വീട്ടുമുറ്റത്ത് തനിയെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ നായ ആക്രമിക്കുകയും കുട്ടിയുടെ കരച്ചില് കേട്ട് വീട്ടുകാര്‍ ഓടി എത്തുകയുമായിരുന്നു.ഉടൻ തന്നെ വീട്ടുകാര്‍ ഓടിയെത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്.





