Kozhikode

വിദ്യാഭ്യാസമന്ത്രിക്ക് കരിങ്കൊടി; എംഎസ്എഫ് നേതാക്കളെ വിലങ്ങുവെച്ച് പോലീസ്, വ്യാപക പ്രതിഷേധം

Please complete the required fields.




കൊയിലാണ്ടി: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കുനേരെ കൊയിലാണ്ടിയിൽ എം.എസ്.എഫ്. പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. എസ്.എസ്.എൽ.സി.ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ വിദ്യാർഥികൾക്കുപോലും പ്ലസ് വൺ സീറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കൊയിലാണ്ടിയിൽ ഉന്നതവിജയികളെ ആദരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. എം.എസ്.എഫ്. ജില്ലാ കൺവീനർ ടി.ടി. അഫ്രീൻ, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി. ഫസീഹ് എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊയിലാണ്ടി നഗരത്തിൽവെച്ച് മന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചത്. ഇവരുൾപ്പെടെ ആറ് എം.എസ്.എഫ്. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു.

വിദ്യാഭ്യാസമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റുചെയ്ത എം.എസ്.എഫ്. നേതാക്കളായ ടി.ടി. അഫ്രിൻ, സി. ഫസീഹ് എന്നിവരെ കൊയിലാണ്ടി പോലീസ് കൈവിലങ്ങണിയിച്ച് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതിൽ വ്യാപക പ്രതിഷേധം. സമരംചെയ്യുന്ന വിദ്യാർഥിനേതാക്കളെ കൊടുംകുറ്റവാളികളെപ്പോലെ വിലങ്ങുവെച്ച് കൊണ്ടുപോയത് അപലപനീയമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജനറൽ സെക്രട്ടറി സി.കെ. നജാഫ് എന്നിവർ പറഞ്ഞു.

വിജയിച്ച എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുംവിധം കൂടുതൽ സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരംചെയ്യുന്നത്. മികച്ചരീതിയിൽ വിജയിച്ചവർക്കുപോലും രണ്ടാംഘട്ട അലോട്മെന്റിലും സീറ്റ് ലഭിച്ചിട്ടില്ല. പ്രശ്നപരിഹാരമുണ്ടാകുന്നതുവരെ സമരത്തിലുറച്ചുനിൽക്കുമെന്നും എം.എസ്.എഫ്. നേതാക്കൾ പറഞ്ഞു. പോലീസ് അറസ്റ്റുചെയ്ത എം.എസ്.എഫ്. പ്രവർത്തകരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവരെ ഹാരമണിയിച്ച് സ്വീകരിച്ച് കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ,എം.എസ് എഫ്. ജില്ലാ പ്രസിഡൻറ്‌ അഫ്‌നാസ്‌ ചോറോട് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button