
കോഴിക്കോട് : പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിവിദ്യാർഥികൾക്ക് പൂർണ പഠനപിന്തുണയും എല്ലാ നിലയിലുമുള്ള സംരക്ഷണവും ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സമഗ്രശിക്ഷ കോഴിക്കോട് യു.ആർ.സി. സൗത്ത് ഓഫീസിന്റെ കെട്ടിട ഉദ്ഘാടനം കണ്ണഞ്ചേരിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് അവരുടെ രക്ഷകർത്താക്കൾക്ക് പ്രത്യേക പരിശീലനം നൽകും. പൊതു വിദ്യാലയങ്ങളിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും അക്കാദമികനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി. യു.ആർ.സി. സൗത്തിലെ തെറാപ്പി സെന്ററിലേക്കുള്ള ഉപകരണങ്ങൾ കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി. ദിവാകരൻ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് ഏറ്റുവാങ്ങി.
കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. നാസർ, കൗൺസിലർമാരായ കെ. നിർമല, രമ്യ സന്തോഷ്, എം. ബിജുലാൽ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ, എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ കെ.എൻ. സജീഷ് നാരായണൻ, വി.ടി. ഷീബ, പി.പി. മനോജ്, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം, യു.ആർ.സി. സൗത്ത് ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ വി. പ്രവീൺകുമാർ എന്നിവർ സംസാരിച്ചു.





