Kozhikode

ബസുകൾ നിർത്താതെപോകുന്നു ; വിദ്യാർത്ഥി യുടെ പരാതിയിൽ , ഉടനടി നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Please complete the required fields.




വടകര : തുടർച്ചയായി മൂന്നുബസുകൾ നിർത്താതെ പോയപ്പോൾ സ്കൂളിൽപോകാൻ കഴിയാതെവന്ന ആറാംക്ലാസുകാരൻ നേരെ വിളിച്ചത് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസിൽ. പിന്നാലെ പരാതിയുമായി അച്ഛനൊപ്പം വടകര ആർ.ടി.ഒ. ഓഫീസിലുമെത്തി. പരാതിയുടെ ഗൗരവം ബോധ്യപ്പെട്ട മോട്ടോർവാഹനവകുപ്പ് മണിക്കൂറുകൾക്കുള്ളിൽ മൂന്നു ബസിനെതിരേയും നടപടി സ്വീകരിച്ചു.

മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ ആറാംക്ലാസ് വിദ്യാർഥിയായ കോട്ടപ്പള്ളി കൊളക്കോട്ട് സായ് ഗിരീഷാണ് പരാതിക്കാരൻ. വ്യാഴാഴ്ച രാവിലെ സ്കൂളിൽ പോകാനായി കോട്ടപ്പള്ളിക്ക് സമീപമുള്ള മലയിൽ പൊക്കു സ്മാരക ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്നെങ്കിലും 8.30, 8.40, 8.55 എന്നീ സമയങ്ങളിൽവന്ന മൂന്നുബസുകളും നിർത്താതെപോയി. ഇതോടെ സായ് വീട്ടിലേക്ക് മടങ്ങി. ജോലിക്കുപോയ അച്ഛനെ വിളിച്ച് വിവരം പറഞ്ഞു.

അച്ഛൻ ഉടൻതന്നെ ജോലിനിർത്തി വീട്ടിലെത്തി. സായ് ഗിരീഷ് തന്നെ ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസിൽ വിളിച്ച് പരാതി പറഞ്ഞു. ഇവർ വിവരം വടകര ആർ.ടി.ഒ. ഓഫീസിലേക്ക് കൈമാറി. കുറച്ചുസമയത്തിനുശേഷം സായ് പരാതിയെഴുതി ആർ.ടി.ഒ. ഓഫീസിലെത്തി. ബസ് നിർത്താത്തതിനാൽ സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ലെന്നും ആദികൃഷ്ണ, അമൃത, മഹാലക്ഷ്മി എന്നീ ബസുകളാണ് നിർത്താതെപോയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

പരാതികിട്ടിയ ഉടൻ വടകര ആർ.ടി.ഒ. സഹദേവന്റെ നിർദേശപ്രകാരം എ.എം.വി.ഐ.മാരായ ഇ.കെ. അജീഷും വിവേക് രാജും കോട്ടപ്പള്ളിയിലെ സ്റ്റോപ്പിലെത്തി ഉച്ചയോടെ മൂന്നുബസുകളും പിടികൂടി പിഴയടപ്പിച്ചു. സ്റ്റേജ് കാരിയർ വാഹനങ്ങൾ സ്റ്റോപ്പിൽ നിർത്താതെപോയാലുള്ള വകുപ്പുപ്രകാരമാണ് പിഴ. ബസിൽ നിറയെ ആളുകളായതിനാലാണ് നിർത്താതെപോയതെന്നാണ് ബസുകാരുടെ വിശദീകരണം.

ആറാംക്ലാസ് വിദ്യാർഥിയുടെ പ്രതികരണശേഷിയെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഭിനന്ദിച്ചു. എല്ലാവിദ്യാർഥികൾക്കും വേണ്ടിയാണ് പരാതിയുമായി മുന്നോട്ടുപോയതെന്ന് അച്ഛൻ ഗിരീഷ് പറഞ്ഞു.

Related Articles

Leave a Reply

Back to top button