
കോട്ടക്കൽ : ദേശീയപാത വെന്നിയൂരിൽ ഓടിക്കൊണ്ടിരുന്ന ഗുഡ്സ് ഓട്ടോ അഗ്നിക്കിരയായി. ആക്രി സാധനങ്ങളുമായി പോകുന്നതിനിടെ ഇന്ന് രാവിലെയാണ് ഓട്ടോക്ക് തീപിടിച്ചത്. ഇതോടെ ഡ്രൈവറും സമീപത്തുണ്ടായിരുന്നവരും തീ അണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
നിമിഷ നേരം കൊണ്ട് തീ ആളിപ്പടർന്നു. വിവരമറിഞ്ഞ് താനൂർ നിന്നുള്ള അഗ്നിശമന സേനയും തിരൂരങ്ങാടി പൊലീസും സ്ഥലത്തെത്തി. ആറുവരിപ്പാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ രക്ഷപ്രവർത്തനവും തടസപ്പെട്ടു.
ഒരു വശത്ത് കൂടിയാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത്. ഓട്ടോക്ക് തീ പിടിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചത്. തീപിടിത്ത കാരണം വ്യക്തമല്ല.





