
ദില്ലി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ (81) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. നിലവിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്സോറന്റെ പിതാവാണ് ഷിബു സോറൻ. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 8.50 ഓടെയായിരുന്നു കൂടിയാണ് മരണം സംഭവിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയുടെ സ്ഥാപക നേതാവാണ് ഷിബു സോറൻ. മകൻ ഹേമന്ത് സോറനാണ് മരണ വാർത്ത അറിയിച്ചത്. ‘‘ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാൻ ശൂന്യനായി’’– അച്ഛന്റെ വിയോഗവാർത്ത എക്സിലൂടെ അറിയിച്ച് ഹേമന്ത് സോറൻ കുറിച്ചു.നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എട്ടു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു.
സന്താൽ സമുദായത്തിൽപ്പെട്ട ഷിബു സോറൻ അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിൽ 1944ലാണ് ജനിച്ചത്. ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവ് എ.കെ. റോയിയുമായും കുർമി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോയുമായും ചേർന്ന് 1972ലാണ് ജാർഖണ്ഡ് മുക്തി മോർച്ച രൂപീകരിച്ചു. 1980ൽ ദുംകയിൽ നിന്നാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് പിന്നീട് ജെഎംഎമ്മിന്റെ ശക്തികേന്ദ്രമായി മാറി. 2019ൽ ബിജെപിയുടെ നളിൻ സോറനോട് 45,000 ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു





