
ദില്ലി: സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപെട്ട് 16 സൈനികർ മരിച്ചു. നോർത്ത് സിക്കിമിലെ സേമയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് ട്രക്കുകളിൽ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്.
നാല് പേരെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമാണ്. സംഭവം സ്ഥിരീകരിച്ച് സൈന്യം ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവിട്ടു. ചൈനയുമായി അതിർത്തി പങ്കിടുന്ന നോർത്ത് സിക്കിം മേഖലയിലെ സെമ എന്ന സ്ഥലത്താണ് അപകടമുണ്ടായതെന്നാണ സൈന്യം അറിയിച്ചിരിക്കുന്നത്. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരുമാണ് മരിച്ചത്.ഉടനെ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടങ്ങിയെന്നും പരിക്കേറ്റ നാല് പേരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റിയെന്നും സൈന്യം അറിയിച്ചു. ചൈനയുമായും ഭൂട്ടാനുമായും അതിർത്തി പങ്കിടുന്ന മേഖലയിലാണ് അപകടമുണ്ടായത്.
സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അറയിച്ചു. മരിച്ച ധീര സൈനികരുടെ സേവനത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ട്രക്ക് പൂർണണമായും തകർന്നു. വാഹനത്തിന്റെ പല ഭാഗങ്ങളും ചിന്നിച്ചിതറിയ നിലയിലാണെന്ന് സൈന്യം പുറത്തുവിട്ട ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു.





