
ചേളന്നൂര്‍ : അകലാപ്പുഴയുമായി നല്ല പരിചയമുള്ളയാള്‍. ചെറുപ്പംമുതലേ ഈ പുഴയില്‍ നീന്തിക്കളിച്ചുവളര്ന്നവന്. അവനെന്തായാലും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ത്തന്നെ ആയിരുന്നു നാട്ടുകാര്‍. തിങ്കളാഴ്ച രാവിലെ ഏറെ ഞെട്ടലോടെയാണ് മിഥുന്റെ മരണവാര്‍ത്ത നാട് കേട്ടത്. അകലാപ്പുഴയുടെ പൊങ്ങിലോടിപ്പാറ ഭാഗത്താണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്.
കാണാതായ ഭാഗത്തുനിന്ന് കുറച്ചുമാറി പുഴയുടെ അടിത്തട്ടിലെ ചെളിയില്‍ കാലുകള്‍ താഴ്ന്നുപോയ നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം പുഴയില്‍ മീന്‍പിടിക്കാന്‍ പോയതായിരുന്നു. മിഥുനിന്റെയൊപ്പം പുഴയിലിറങ്ങിയ സുഹൃത്ത് നീന്തി കരയ്ക്ക് കയറി.ഏറെനേരം കഴിഞ്ഞും മിഥുന് കരയ്ക്കെത്തിയില്ല. നരിക്കുനിയില്‍നിന്നും അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എം.സി. മനോജിന്റെ നേതൃത്വത്തില്‍ യൂണിറ്റ് അഗ്നിരക്ഷാസേനയും പോലീസും രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. അര്‍ധരാത്രിവരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാവിലെയോടെ നാട്ടുകാര്‍ തോണിയില്‍ നടത്തിയ തിരച്ചിലിലാണ് മൃതേദേഹം കണ്ടത്. സ്കൂബ ടീമും സ്ഥലത്തെത്തിയിരുന്നു. എലത്തൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ചേളന്നൂര്‍ 7/6 പുളിയോളിക്കാവിനുസമീപത്തെ ഓടിട്ട കൊച്ചുവീടിന്റെ മുറ്റത്തേക്ക് മിഥുനിന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ തേങ്ങലടക്കാനായില്ല.
നല്ല സുഹൃദ്ബന്ധം മിഥുനിന് നാട്ടിലുണ്ടായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. ഡ്രൈവറായും മരംമുറിക്കാരനായും കല്പ്പണിക്ക് ഹെല്‍പ്പറായും എന്തുജോലിക്കും പോകുമായിരുന്നു മിഥുന്.നേരത്തേ കരാട്ടെ പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കുടുംബത്തിന് മിഥുന് ജോലിക്കുപോയി കിട്ടുന്ന വരുമാനം ഏക ആശ്വാസവുമായിരുന്നു. മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.
തിയ്യക്കണ്ടിയില്‍ ബാബുവാണ് മിഥുനിന്റെ അച്ഛന്. അമ്മ: ഉഷ. ഭാര്യ: നീതു. മക്കള്‍: ധന്വിന്, വൈദേഹി (രണ്ടുവയസ്സ്). സഹോദരന്: അതുല്‍. സഞ്ചയനം ബുധനാഴ്ച.





