Thrissur

ഡമ്മി തോക്കും കുരുമുളക് സ്പ്രേയുമായി നാലംഗ കവർച്ചാസംഘം തൃശ്ശൂരിൽ പിടിയിൽ

Please complete the required fields.




തൃശ്ശൂർ: ഡമ്മി തോക്ക് ഉപയോഗിച്ച് കവർച്ച നടത്താൻ പദ്ധതിയിട്ട നാലംഗസംഘം തൃശ്ശൂരിൽ പിടിയിലായി. ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂരിലെ ഒരു ബാർ ഹോട്ടലിൽ ഈസ്റ്റ് പോലീസും ഷാഡോ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് നാലംഗ കവർച്ച സംഘം അറസ്റ്റിലായത്.

പൂമല തെറ്റാലിക്കൽ വീട്ടിൽ ജസ്റ്റിൻ ജോസ് (21), പൂമല വട്ടോളിക്കൽ വീട്ടിൽ സനൽ (19), അത്താണി ആറ്റത്തറയിൽ വീട്ടിൽ സുമോദ് (19), വടക്കാഞ്ചേരി കല്ലമ്പ്ര മണലിപറമ്പിൽ വീട്ടിൽ ഷിബു (29) എന്നിവരെയാണ് പിടികൂടിയത്. പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തെ കണ്ട് ഒരാൾ ഓടിരക്ഷപ്പെട്ടു. 

ഇവരിൽ നിന്നും ആക്രമണത്തിനുപയോഗിക്കുന്ന കുരുമുളക് സ്പ്രേ, യഥാർത്ഥ തോക്ക് എന്ന് തോന്നിപ്പിക്കുന്ന ഡമ്മി തോക്ക്, വാഹനത്തിന്റെ നമ്പർ പ്ലേറ്റ് എന്നിവ കണ്ടെടുത്തു. അറസ്റ്റിലായ പ്രതികൾ ഇതിനുമുമ്പും നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരാണ്. ഇവർക്കെതിരെ വടക്കാഞ്ചേരി, വിയ്യൂർ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. ഇവർ തൃശൂർ നഗരത്തിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത്, ഒരുമിച്ച് താമസിച്ച് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.

പ്രതികളെ അറസ്റ്റുചെയ്ത സംഘത്തിൽ ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർമാരായ സുവ്രതകുമാർ എൻ.ജി, റാഫി പി.എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പളനി സ്വാമി, ജീവൻ ടി.വി, സിവിൽ പോലീസ് ഓഫീസർമാരായ ലികേഷ് എം.എസ്, വിപിൻ, വിജയരാജ് വി, അജയ്ഘോഷ് ടി.എസ് എന്നിവരും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button