Kozhikode

മലബാർ വന്യജീവിസങ്കേതത്തിൽ 139 ഇനം പക്ഷികൾ

Please complete the required fields.




കോഴിക്കോട്‌ : മലബാർ വന്യജീവിസങ്കേതത്തിൽ മൂന്നുദിവസമായി നടന്ന പക്ഷികളുടെ കണക്കെടുപ്പ്‌ പൂർത്തിയായി. വനംവകുപ്പും മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും (എം.എൻ.എച്ച്‌.എസ്‌.) ചേർന്ന്‌ നടത്തിയ കണക്കെടുപ്പിൽ 139 ഇനം പക്ഷികളെ കണ്ടെത്തി. പത്തുവർഷമായി എം.എൻ.എച്ച്‌.എസിന്റെ നേതൃത്വത്തിൽ വന്യജീവിസങ്കേത്തിൽ പക്ഷിക്കണക്കെടുപ്പ്‌ നടത്തുന്നുണ്ട്‌. ഇതോടെ മലബാർ വന്യജീവിസങ്കേതത്തിൽ കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 198 ആയി.

കക്കയം ഫോറസ്റ്റ്‌ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ജില്ലാ വനംവകുപ്പ്‌ മേധാവി ആഷിഖ്‌ അലി ഉദ്‌ഘാടനംചെയ്തു. താമരശ്ശേരി റെയ്‌ഞ്ച്‌ ഓഫീസർ പി. വിമൽ അധ്യക്ഷതവഹിച്ചു. സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ്‌ ജാഫർ പാലോട്ട്‌, പ്രൊഫ. കെ. അബ്ദുൾ റിയാസ്‌, റെയ്‌ഞ്ച്‌ ഓഫീസർ അഖിൽ ജെറോം എന്നിവർ സംസാരിച്ചു. ഏഴു ക്യാമ്പുകളിലായി നടന്ന കണക്കെടുപ്പിൽ വനംവകുപ്പ് ജീവനക്കാരും പക്ഷിനിരീക്ഷകവിദഗ്ധരും ഉൾപ്പെടെ 40-ഓളം പേർ പങ്കെടുത്തു. കാക്കത്തമ്പുരാട്ടിക്കുയിൽ, റിപ്ലിമൂങ്ങ തുടങ്ങിയ ഇനങ്ങളെ കണ്ടെത്തി. കണ്ടെത്തിയ ഇനങ്ങളിൽ 27-ഉം ദേശാടകരാണ്‌. 14 എണ്ണം പശ്ചിമഘട്ട മലനിരകളിൽമാത്രം കാണപ്പെടുന്നതാണ്.

കണക്കെടുപ്പിന്റെ അവലോകനയോഗം ഡെപ്യൂട്ടി റെയ്‌ഞ്ച്‌ ഓഫീസർ വിജിത്ത്‌ ഉദ്‌ഘാടനംചെയ്തു. എം.എൻ.എച്ച്‌.എസ്‌. പ്രസിഡന്റ്‌ സത്യൻ മേപ്പയ്യൂർ സർവേ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സർവേയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ്‌ വിതരണം ഫോറസ്റ്റർ ബൈജുനാഥ്‌ നിർവഹിച്ചു.

Related Articles

Back to top button