Kozhikode

വിലങ്ങാട് ഉരുൾപൊട്ടൽ; വാണിമേൽപ്പുഴ നവീകരണത്തിന് വേണ്ടത് 40 കോടി

Please complete the required fields.




നാദാപുരം : വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിൽ ഏറെ പ്രയാസകരമായ വാണിമേൽ പുഴനവീകരണത്തിന് വേണ്ടത് 40 കോടി രൂപ. എന്നാൽ അനുവദിച്ചത് രണ്ടരക്കോടി. ആവശ്യമായ സ്ഥലങ്ങളിൽ പുഴയ്ക്ക് സംരക്ഷണഭിത്തി കെട്ടണമെന്നാണ് വിദഗ്ധസമിതി കണ്ടെത്തിയത്. വാണിമേൽപ്പുഴയുടെ കണ്ണോത്ത് താഴെ, കേളോത്ത് താഴെ, പാക്കോയി ഭാഗങ്ങൾ സംരക്ഷണഭിത്തി കെട്ടേണ്ട പ്രധാനസ്ഥലങ്ങളായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് പുഴ നവീകരിക്കാൻ സർക്കാർ ആദ്യഘട്ടത്തിൽ അനുവദിച്ചത് രണ്ടരക്കോടി രൂപയാണ്. ദുരന്തത്തിൽ അടിഞ്ഞുകൂടിയ ചെളിയും വലിയ പാറക്കൂട്ടങ്ങളും മരങ്ങളും എടുത്തുമാറ്റുന്നതിന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയ എസ്റ്റിമേറ്റ് തുകയിൽനിന്നാണ് ആദ്യഘട്ട ഫണ്ട് അനുവദിച്ചത്. രണ്ടുകോടി രൂപയുടെ പ്രവൃത്തികൾ മേജർ ഇറിഗേഷൻ വകുപ്പും 46 ലക്ഷത്തിന്റേത് മൈനർ ഇറിഗേഷൻ വകുപ്പുമാണ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

വിലങ്ങാട് ഉരുൾപൊട്ടലിനെത്തുടർന്ന് പുഴയിൽ അടിഞ്ഞുകൂടിയ വലിയ കല്ലും മരങ്ങളും മാറ്റുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. മഞ്ഞച്ചീളിമുതൽ ഉരുട്ടിപ്പാലംവരെയാണ് നിലവിലുള്ള പ്രവൃത്തി നടത്തുന്നത്. ഇതിനായി രണ്ടുകോടി രൂപയാണ് അനുവദിച്ചത്. ഉരുൾപൊട്ടലിൽ തകർന്ന ആറ് തോടുകൾ 46 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്നത് ഫണ്ടിന്റെ കുറവ് മൂലം വാണിമേൽപ്പുഴയുടെ മറ്റ് ഭാഗങ്ങളിലെ പ്രവൃത്തി ഈ മഴക്കാലത്തിന് മുമ്പ് ആരംഭിക്കാൻ കഴിയില്ല. ഇതുമൂലം വാണിമേൽപ്പുഴയുടെ വിവിധ ഭാഗങ്ങൾ മഴയിൽ വെള്ളത്തിലാകാൻ സാധ്യതയുണ്ട്. വാണിമേൽപ്പുഴയിലെ കണ്ണോത്ത് താഴെ പാലം, കേളോത്ത് താഴെ പാലം എന്നിവിടങ്ങളിൽ പാലത്തിനോട് ചേർന്ന് വലിയ മരങ്ങൾ ഇപ്പോഴും വെള്ളമൊഴുക്കിന് തടസ്സമായി നിൽക്കുകയാണ്. ഇത് മാറ്റാനുള്ള ഒരുനീക്കവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വലിയ മരങ്ങൾ എടുത്തുമാറ്റാത്തതിനാൽ പാലവും അപകട ഭീഷണിയിലാണ്.

റവന്യൂമന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ കോഴിക്കോട്ടുചേർന്ന യോഗതീരുമാനപ്രകാരം ഉന്നതതല സംഘം ചൊവ്വാഴ്ച വിലങ്ങാട് സന്ദർശിക്കും. ഇ.കെ. വിജയൻ എംഎൽഎ, കളക്ടർ സ്നേഹിൽകുമാർ സിങ് എന്നിവരുടെയും നേതൃത്വത്തിൽ വിവിധവകുപ്പ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. രാവിലെ 10-ന്‌ വാണിമേൽ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിൽ സംഘം എത്തും. തുടർന്ന് അവലോകന യോഗം ചേരും

Related Articles

Back to top button