
സുൽത്താൻബത്തേരി: മദ്യലഹരിയിൽ യുവാവ് തോട്ടത്തിന് തീയിട്ടതിനെത്തുടർന്ന് മോട്ടോറുകൾ കത്തിനശിച്ചു. പൂതാടി അരിമുള പീപ്പിൾസ് വില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് കൃഷിയിടത്തിൽ തീയിടുകയായിരുന്നു. തീ ആളിപ്പടർന്നതിനെത്തുടർന്ന് വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്ന മോട്ടോറുകളും പൈപ്പുകളും കത്തിനശിച്ചു.
കിണറിലെ വെള്ളവും മലിനമായി. ഇതോടെ പീപ്പിൾസ് വില്ലയിലെ ആറ് കുടുംബങ്ങൾക്ക് കുടിവെള്ളം നിലച്ച അവസ്ഥയിലാണ്. കോഴിക്കോട് ആസ്ഥാനമായുള്ള പീപ്പിൾ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടന നിർമിച്ചുനൽകിയ കിണറിലേക്കും മോട്ടോറുകളിലേക്കുമാണ് തീ പടർന്നത്. ഇവിടെ ആറു വീടുകൾ നിർമിച്ചുനൽകിയതും പീപ്പിൾ ഫൗണ്ടേഷൻ സംഘടനയാണ്. സംഭവത്തിൽ പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾ കേണിച്ചിറ പോലീസിൽ പരാതി നൽകി.