ഇടുക്കിയിൽ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് വീട് തകർന്നു; മൂന്ന് പേർക്ക് പരിക്ക്

കട്ടപ്പന: ഇരട്ടയാറിൽ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇരട്ടയാർ തെക്കേമഠത്തിൽ സെൽവരാജ്(63), ഭാര്യ ഉഷ(51), മകൻ ഷെൽജിഷ് എന്ന കണ്ണൻ(25) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വീട് പൂർണ്ണമായും തകർന്നു. മത്സ്യ വ്യാപാരിയായ ഇരട്ടയാർ സ്വദേശി ജോയിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽ പെട്ടത്. ഇരട്ടയാർ ഈട്ടിപ്പടി പാലത്തിന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം.
തോപ്രാംകുടിയിൽ മത്സ്യം എത്തിച്ച ശേഷം ഇരട്ടയാറിലേക്ക് മടങ്ങുകയായിരുന്നു ലോറി. ഇരട്ടയാർ – തങ്കമണി റോഡിൽ നിന്ന് ഉയർന്നുപൊങ്ങിയ വാഹനം തൊട്ടുതാഴെയുള്ള മറ്റൊരു റോഡിന് മുകളിലൂടെയാണ് വീടിനു മുകളിലേക്ക് പതിച്ചത്. ക്രെയിനെത്തിച്ച് വാഹനം വീടിനു മുകളിൽ നിന്നും എടുത്തു മാറ്റി.





