
രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുറവ്. 24 മണിക്കൂറിനിടെ 67,597 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 19.4 ശതമാനത്തിന്റെ കുറവാണ് പ്രതിദിന കേസുകളിലുണ്ടായത്. ദൈനംദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞു. (covid india cases decreasing)
തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് താഴെ റിപ്പോർട്ട് ചെയ്യുന്നത്. സുപ്രിംകോടതി നിർദേശപ്രകാരമുള്ള പരിശോധന കണക്കും കൂടി ചേർത്ത് മരണസംഖ്യ 1,188 ആണ്. 24 മണിക്കൂറിനിടെ 1,80,456 പേർ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 170.21 കോടി വാക്സിൻ ഡോസുകൾ നൽകി. മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രികളിൽ കാലാവധി കഴിയാറായ 52 ലക്ഷം കൊവിഷീൽഡ് വാക്സിൻ ഡോസുകൾ കെട്ടിക്കിടക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
അതേസമയം, കേരളത്തിൽ ഇന്നലെ 22,524 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 78,682 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 114 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,033 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1207 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 170 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,74,949 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,65,565 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 9384 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 847 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 3,01,424 കൊവിഡ് കേസുകളിൽ, 3.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇന്നലെ 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 113 മരണങ്ങളും സുപ്രിം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 733 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 59,115 ആയി.





