‘ഗ്രഹണസമയത്ത് ശുഭ കാര്യങ്ങള്‍ വേണ്ട’; കേദാര്‍നാഥ്, ബദരീനാഥ് ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ അടച്ചിടുന്നു

ഇന്ന് വൈകുന്നേരത്തോടെ ദൃശ്യമാകുമെന്ന് കരുതുന്ന സൂര്യഗ്രഹണത്തെ തുടര്‍ന്ന് വിവിധിയിടങ്ങളിലെ ക്ഷേത്രങ്ങള്‍ അടച്ചിടാനൊരുങ്ങുന്നു. കേദാര്‍നാഥ്, ബദരീനാഥ് ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളാണ് ഗ്രഹണ സമയത്ത് അടച്ചിടുന്നത്. ഗ്രഹണ സമയം അശുഭമാണെന്നും ഈ സമയത്ത് ശുഭകാര്യങ്ങളായ പൂജകളോ പ്രാര്‍ത്ഥനകളോ നടത്തരുതെന്നാണ് വിശ്വാസമെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഗ്രഹണത്തിനുശേഷം വൈകുന്നേരം ക്ഷേത്രനട തുറക്കുമെന്നും പൂജകള്‍ നടത്തുമെന്നും കേദാര്‍നാഥ്-ബദരീനാഥ് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. ഗ്രഹണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ക്ഷേത്രങ്ങളും തെലങ്കാനയിലെ പ്രധാന ക്ഷേത്രങ്ങളും അടച്ചിടും.
2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണമാണ് ഇന്ന് ദൃശ്യമാകുക. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരികയും ഈ സമയത്ത് സൂര്യന്‍ മുഴുവനായും മറയ്ക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. അതേസമയം ഇവിടെ സൂര്യന്‍ ഭാഗികമായി മറയ്ക്കപ്പെടുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുന്നത്. 2027 ഓഗസ്റ്റ് 2നാണ് ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം കാണാനാകുക. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഈ സമയത്ത് സൂര്യനെ നിരീക്ഷിക്കുന്നത് കണ്ണിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
വൈകുന്നേരം 4.29 മുതല്‍ ദൃശ്യമായിത്തുടങ്ങുന്ന ഭാഗിക സൂര്യഗ്രഹണം 5.42ന് അവസാനിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരമാവധി ഗ്രഹണ സമയം 5.30 നായിരിക്കും. മുംബൈ, കൊല്‍ക്കട്ട, ബംഗളൂരു, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ഏകദേശം 4.28 മുതല്‍ 5.13 വരെ നിലനിന്നേക്കും. ഭാഗിക സൂര്യഗ്രഹണം ഏറ്റവും കൂടുതല്‍ മണിക്കൂര്‍ നില്‍ക്കുന്നത് 1 മണിക്കൂര്‍ 45 മിനിറ്റാണ്. ഗുജറാത്തിലെ ദ്വാരകയിലാണ് ഇത് കാണാനാകുക. ഏറ്റവും കുറഞ്ഞ സമയം പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലായിരിക്കും. 12 മിനിറ്റ്.
കേരളത്തില്‍ നിന്ന് കാണുമ്പോള്‍ ഭാഗികമായി മറയാത്ത സൂര്യന്റെ ബിംബം 10 ശതമാനത്തില്‍ താഴെ മാത്രമേ മറയുകയുള്ളൂ. 5.52ഓടെ കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.





