
ബേപ്പൂർ : കോർപ്പറേഷൻ ബേപ്പൂർ മിനിസ്റ്റേഡിയത്തിന്റെയും വിശ്രമമുറിയുടെയും ദുരവസ്ഥ മാറ്റാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിസ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചെളിയും വെള്ളവും നിറഞ്ഞ് ടൂർണമെന്റുകൾ ഉൾപ്പെടെ കായിക, വിനോദ പരിപാടികൾ മുടങ്ങിപ്പോയ മിനിസ്റ്റേഡിയം പരിശോധിക്കാൻ കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘത്തോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
സ്റ്റേഡിയത്തിലെ വെള്ളക്കെട്ടിന് ഉടൻ പരിഹാരംകാണും. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതോടൊപ്പം സ്റ്റേഡിയം വിപുലീകരിക്കാൻ കുറേക്കൂടി സ്ഥലം ഏറ്റെടുക്കും. ഇലവൻസ് കളിക്കാൻ പര്യാപ്തമായരീതിയിൽ സ്റ്റേഡിയമൊരുക്കും. കോർപ്പറേഷന്റെ ഭാഗത്തുനിന്നും എം.എൽ.എ. ഫണ്ടിൽനിന്നും വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ലഭ്യമാക്കും. തിരുവനന്തപുരത്തെ ചില ഫുട്‌ബോൾപ്രേമികൾ സ്റ്റേഡിയം വിപുലീകരണത്തിന് സാമ്പത്തികസഹായം നൽകാൻ മുന്നോട്ടുവന്നതായും മന്ത്രി പറഞ്ഞു.
ഡിവിഷൻ കൗൺസിലർ എം. ഗിരിജയുടെ നേതൃത്വത്തിൽ അക്കാദമി ഭാരവാഹികളെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന സമിതിയായിരിക്കും സ്റ്റേഡിയം നവീകരണപ്രവർത്തനങ്ങളുടെ മേൽനോട്ടംവഹിക്കുക. ഇപ്പോൾ പ്രവർത്തനരഹിതമായ സ്റ്റേഡിയത്തിലെ ഡ്രസിങ് റൂം ഉൾപ്പെടെയുള്ള വിശ്രമകേന്ദ്രത്തിന്റെ അറ്റകുറ്റപ്പണികൾക്കും തുടക്കമിടാൻ തീരുമാനിച്ചു.
കെ.ഡി.എഫ്.എ. ജോയിന്റ് സെക്രട്ടറിയും റോയൽ സ്പോർട്‌സ് ക്ലബ്ബ് സെക്രട്ടറിയുമായ പി. അബ്ദുൽ സലിം, വിവിധ കായിക, വിനോദ സംഘടനാ ഭാരവാഹികളായ ഒ.കെ. മൻസൂർ, സുനിൽ മാധവ്, എം. രാധാകൃഷ്ണൻ, മുഹമ്മദ് സാദിഖ്, സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ്, കൗൺസിലർമാരായ കെ. രാജീവ്, പി.കെ. ഷമീന, വാടിയിൽ നവാസ്, എം. ഗിരിജ, മുൻ കൗൺസിലർ പി.പി. ബീരാൻകോയ തുടങ്ങിയവരുമായാണ് ചർച്ചനടത്തിയത്.





