Kozhikode

കടലെടുത്തു കാപ്പാട്-പൊയിൽക്കാവ് ബീച്ച് റോഡ് തകർന്നു

Please complete the required fields.




കൊയിലാണ്ടി : കാപ്പാട് തൂവപ്പാറമുതൽ പൊയിൽക്കാവ് ബീച്ച് വരെയുള്ള റോഡ് കടലേറ്റത്തിൽ തകർന്നുതുടങ്ങി. എണ്ണൂറുമീറ്ററോളം റോഡാണ് കടലെടുക്കുന്നത്. നേരത്തേ വലിയ കുഴി രൂപപ്പെട്ട സ്ഥലത്താണ് വീണ്ടും റോഡ് തകർന്നത്. മുമ്പ് തകർന്ന റോഡ് പൂർവസ്ഥിതിയിലാക്കാൻ ഏറെക്കാലം വേണ്ടിവന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുൾപ്പെടെ സ്ഥലത്തെത്തിയിരുന്നെങ്കിലും താത്കാലിക പരിഹാരംമാത്രമേ ഉണ്ടായുള്ളൂ. നേരത്തേ, തകർന്ന റോഡിന് സംരക്ഷണഭിത്തി നിർമിക്കാത്തതാണ് റോഡ് തകരാൻ ഇടയാക്കിയത്.

കാപ്പാടുമുതൽ കൊയിലാണ്ടി ഹാർബർവരെയുള്ള റോഡ് ദേശീയപാതയ്ക്ക് സമാന്തരമായുള്ള ബദൽ റോഡുകൂടിയാണ്. കാപ്പാട് തൂവപ്പാറമുതൽ പൊയിൽക്കാവ് ബീച്ച് വരെയുള്ള ഭാഗത്താണ് റോഡ് തകർന്നുകൊണ്ടിരിക്കുന്നത്. ദേശീയപാത വികസനപ്രവൃത്തി നടക്കുന്നതിനാൽ ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് മഴ പെയ്തതോടെ രൂക്ഷമായിരുന്നു.

ഈ സമയത്ത് തിരുവങ്ങൂരിൽനിന്ന് കൊയിലാണ്ടിയിലെത്താനുള്ള തിരക്കൊഴിഞ്ഞ പാതയാണ് നവീകരണം നടത്താതെ അവഗണിക്കപ്പെട്ടത്. കാപ്പാട് ഭാഗത്ത് തകർന്ന റോഡിൽ താത്കാലികഭിത്തി നിർമിച്ചിരുന്നു. ആഞ്ഞടിക്കുന്ന തിരമാലകൾ കടൽഭിത്തി കടന്ന് റോഡ് തകർക്കുകയാണ്. രണ്ടുവർഷംമുമ്പ് റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ ക്വാറിവേസ്റ്റ് ഉപയോഗിച്ച് നികത്തിയിരുന്നു. പ്രധാനമന്ത്രി സഡക് യോജന പദ്ധതിപ്രകാരം നിർമിച്ച റോഡ് ജില്ലാപഞ്ചായത്തിന് കൈമാറിയിട്ടുണ്ട്.

Related Articles

Back to top button