
ഓമശ്ശേരി : ഒന്നരവർഷമായി സമാധാനമായി വീട്ടിലെത്താൻ കഴിയാത്ത നാട്ടുകാരുടെ ദുരിതം ഇതിനോടകം ഒട്ടേറെത്തതവണ വാർത്തയായതാണ്. മുടൂർ-കാട്ടുമുണ്ട റോഡ് തകർച്ചയിൽ പൊറുതിമുട്ടിയ നാട്ടുകാർ ബുധനാഴ്ച രാവിലെ സ്കൂൾസമയത്തെത്തിയ ടിപ്പർലോറി തടഞ്ഞിട്ടു. സ്ത്രീകളും വിദ്യാർഥികളും അടങ്ങുന്ന വലിയ ജനക്കൂട്ടം ലോറിക്കുമുൻപിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു.
കെട്ടുങ്ങലിൽ പ്രവർത്തിക്കുന്ന സ്വകാര്യ കരിങ്കൽ ക്രഷറിലേക്കുള്ള അമിതഭാരംവഹിച്ചെത്തുന്ന വാഹനങ്ങളുടെ പരക്കംപാച്ചിലാണ് റോഡ് തകർച്ചയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ മുടൂരിൽനിന്ന് ചെങ്കുത്തായ കയറ്റം കയറിയാണ് അമിതഭാരം കയറ്റിയെത്തുന്ന ടോറസ് ലോറികൾ ക്രഷറിലേക്കെത്തുന്നത്.
വീതികുറഞ്ഞ റോഡിൽ ലോറികൾ എത്തുമ്പോൾ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ ഇടമില്ലാതാകും. ഗ്രാമീണ റോഡ് നിലവാരത്തിൽ ടാറിങ് നടത്തിയ റോഡിലൂടെ അമിതഭാരവുമായി കൂറ്റൻ ടോറസ് ലോറികൾ എത്തിയതോടെ റോഡ് തകരുകയായിരുന്നു. ജോലികഴിഞ്ഞ് വീട്ടിലെത്താൻ ഓട്ടോറിക്ഷ വിളിച്ചാൽപോലും വരാത്ത അവസ്ഥയായി. വിദ്യാർഥികളെ കൊണ്ടുപോകാനെത്തുന്ന വാഹനങ്ങളും ഒടുവിൽ ഇവിടേക്ക് വരാതായി. അധികാരികളുടെ അവഗണയ്ക്കെതിരേ രാപകൽസമരം നടത്തുകയാണ് പ്രദേശവാസികൾ.





