Thiruvananthapuram

‘റോഡില്‍ വീണ സ്ത്രീയുടെ ഗര്‍ഭം അലസി, കുഞ്ഞിന്റെ ഘാതകന്‍ പൊതുമരാമത്ത് വകുപ്പ്’; ആരോപണവുമായി പ്രതിപക്ഷം

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.
പൊതുമരാമത്ത് വകുപ്പിനെതിരേയും രൂക്ഷവിമര്‍ശനം. വഴിനടക്കാനുള്ള ജനങ്ങളുടെ അവകാശം സര്‍ക്കാര്‍ നിഷേധിച്ചുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള നോട്ടീസ് അവതരിപ്പിക്കവേ നജീബ് കാന്തപുരം എം.എല്‍.എ. കുറ്റപ്പെടുത്തി.മന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. എല്ലൊടിയാനാകാതെ സഞ്ചരിക്കാനാവുമോ.ഭാവിയില്‍ റോഡുകള്‍ നന്നാകുമെന്നാണ് മന്ത്രി ഇപ്പോള്‍ പറഞ്ഞത്. എന്നാണ് ആ ഭാവി ഉണ്ടാവുക. ഇന്ന് യുദ്ധഭൂമിയിലേക്ക് പോകുന്നത് പോലെയല്ലേ ആളുകള്‍ റോഡിലേക്ക് പോകുന്നത്. ജീവന്‍ കിട്ടിയാല്‍ കിട്ടി.തിരിച്ചുവന്നാല്‍ വന്നു. എന്ത് ഉറപ്പാണ് റോഡ് വഴിയുള്ള യാത്രകള്‍ക്കുള്ളത്, നജീബ് കാന്തപുരം ചോദിച്ചു.മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ ചെമ്പരത്തിപ്പൂ ചെവിയില്‍വെച്ച് ചാടിച്ചാടി പോകേണ്ട അവസ്ഥയല്ലേ മലയാളികള്‍ക്ക് ഇപ്പോള്‍. റോഡിലെ കുളങ്ങള്‍ എണ്ണിയാല്‍ തീരുമോ.

2023-ല്‍ മാത്രം 4,110 പേര്‍ക്ക് റോഡ് അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടു. 54,369 പേര്‍ക്ക് പരിക്കേറ്റു. എത്ര മനുഷ്യരുടെ നട്ടെല്ല് ഒടിഞ്ഞു. എത്ര മനുഷ്യര്‍ കിടപ്പിലായി.എത്ര മനുഷ്യര്‍ക്ക് അംഗവൈകല്യമുണ്ടായി. എത്ര ഗര്‍ഭിണികള്‍ നടുറോഡില്‍ പ്രസവിച്ചു. എത്ര സ്ത്രീകള്‍ക്ക് അബോര്‍ഷനായി, നജീബ് കാന്തപുരം പറഞ്ഞു.തന്റെ നിയോജകമണ്ഡലത്തിലെ പട്ടാമ്പി റോഡില്‍ ഒരു ഗര്‍ഭിണി വീണ് അബോര്‍ഷനായെന്നും ഈ കൊലക്കുറ്റത്തിന് ആരുടെ പേരിലാണ് കേസ് എടുക്കുകയെന്നും അദ്ദേഹം ആരാഞ്ഞു.ജനിക്കാതെ പോയ ആ കുഞ്ഞിന്റെ ഘാതകന്‍ പൊതുമരാമത്ത് വകുപ്പാണെന്നും നജീബ് കാന്തപുരം ആരോപിച്ചു. അതിനിടെ നജീബ് കാന്തപുരത്തിന്റെ നോട്ടീസ് അവതരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഭരണപക്ഷത്തെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ശകാരിച്ചു.അദ്ദേഹം അവതരിപ്പിക്കട്ടേ. ഇങ്ങനെ പറഞ്ഞാല്‍ എങ്ങിനെയാണ് ശരിയാവുക. ഒന്നും പറയാന്‍ പറ്റില്ലേ ഈ ഫ്‌ലോറിലെന്നും സ്പീക്കര്‍ ചോദിച്ചു.അതേസമയം, സംസ്ഥാനത്തെ റോഡുകള്‍ നല്ലതാണെന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പിനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമുള്ളത്.വളരെ കുറച്ച് റോഡുകളില്‍ മാത്രമാണ് പ്രശ്‌നമുള്ളത്. കുറച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്. അത് വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകുമെന്നാണ് മന്ത്രിയുടെയും വകുപ്പിന്റെയും അവകാശവാദം.

Related Articles

Back to top button