
ഓമശ്ശേരി: പരിസ്ഥിതിലോല മേഖലയായ കണ്ണങ്കോട് മലയിൽ വീണ്ടും ചെങ്കൽ ഖനനം ആരംഭിച്ചു. ഖനനം താഴ്വാരത്തെ താമസക്കാരുടെ ഉറക്കം കെടുത്തുന്നു. നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ വർഷം ഖനനം നിർത്തിവച്ച ക്വാറിയുടെ എതിർ ഭാഗത്താണ് ഇപ്പോൾ പുതിയ ഖനനം തുടങ്ങിയത്.
ഈ മലമുകളിലെ ചെങ്കൽ ഖനനം പട്ടികവർഗ കോളനി ഉൾപ്പെടെ കുടുംബങ്ങൾക്ക് ഭീഷണിയായതോടെ നാട്ടുകാർ കണ്ണങ്കോട് മല സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിനുള്ള തയാറെടുപ്പിലാണ്. ഇവിടെ രണ്ടര ഏക്കർ വരുന്ന സ്ഥലത്താണ് ഖനനം നടത്തുന്നത്. 300 കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മലയിടിക്കലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കണ്ണങ്കോട് മല സംരക്ഷണ സമിതി രൂപീകരണ യോഗം കലക്ടർ, പൊലീസ് റവന്യു ഉദ്യോഗസ്ഥർ എന്നിവരോട് ആവശ്യപ്പെട്ടു. കെ.എ. ബാബു ചെയർമാനും കെ.ശശി കൺവീനറുമായാണ് കമ്മിറ്റി.





