വിദ്യാർത്ഥികൾക്കും ഓട്ടോതൊഴിലാളികൾക്കും മയക്കുമരുന്ന് വിൽപന; പ്രതി പിടിയിൽ

ആറ്റിങ്ങൽ: വിദ്യാർത്ഥികൾക്കും ഓട്ടോതൊഴിലാളികൾക്കും മയക്കുമരുന്ന് വിൽക്കുന്നയാളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി.
കീഴാറ്റിങ്ങൽ വില്ലേജിൽ മുള്ളിയൻകാവ് ക്ഷേത്രത്തിന് സമീപം ലക്ഷ്മിഭവൻ വീട്ടിൽ മനോജാണ് (45) പിടിയിലായത്. പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊല്ലമ്പുഴ മുതൽ കോരാണി വരെയുള്ള വിവിധ സ്ഥലങ്ങളിലെ ഓട്ടോ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും കോളജ് ഐ.ടി.ഐ വിദ്യാർത്ഥികൾക്കും ഇയാൾ ഫോൺ മുഖേന ഓർഡർ സ്വീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരുകയായിരുന്നു.
ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശിനിയായ കുട്ടി അടുത്തകാലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ട മാതാവ് ആറ്റിങ്ങൽ പൊലീസിൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിലാണ് 2.5 ഗ്രാം എം.ഡി.എം.എ, 70 ഗ്രാം കഞ്ചാവ് എന്നിവ സഹിതം അവനവഞ്ചേരി കൈരളി ജങ്ഷനിൽ നിന്ന് പ്രതി അറസ്റ്റിലായത്.ആറ്റിങ്ങൽ എസ്.എച്ച്.ഒ ഗോപകുമാർ .ജി, എസ്.ഐമാരായ ജിഷ്ണു എം.എസ്, ബിജു എ. ഹക്ക്, എ.എസ്.ഐ രാധാകൃഷ്ണൻ, എസ്.സി.പി.ഒമാരായ അനിൽകുമാർ, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഒരുദിവസം ശരാശരി 25000 രൂപയുടെ മയക്കുമരുന്ന് പ്രതി ചില്ലറവ്യാപാരം നടത്തി വന്നിരുന്നതായി പൊലീസ് പറഞ്ഞു. മയക്കുമരുന്ന് തൂക്കിനൽകാനുപയോഗിക്കുന്ന ത്രാസും പൊലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.





