
കൊല്ലം : ബൈക്കിൽ ലിഫ്റ്റ് വാങ്ങി കവർച്ച നടത്തിയ സഹോദരങ്ങൾ പിടിയിലായി. മുണ്ടയ്ക്കൽ മുനിസിപ്പൽ കോളനിയിൽ വൈരമുത്തു (30), സഹോദരൻ മുത്തുകൃഷ്ണൻ (29) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ഈ മാസം മൂന്നിന് വൈകീട്ട് അഞ്ചോടെ മുണ്ടയ്ക്കൽ ക്ഷേത്രത്തിന് സമീപത്തുനിന്ന് ഇരവിപുരം സ്വദേശിയായ വിഘ്നേഷിന്റെ ബൈക്കിൽ ലിഫ്റ്റ് വാങ്ങി ഇരുവരും കയറുകയും യുവാവിനെ ഭീഷണിപ്പെടുത്തി കടവൂരിലെത്തിച്ച് പണം കവർച്ച ചെയ്യുകയുമായിരുന്നു.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് സഹോദരങ്ങൾ പിടിയിലായത്.
ഈസ്റ്റ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ചു, വിഷ്ണു, സി.പി.ഒ അനു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





