Kozhikode

എംവിഡി എൻഫോഴ്സ്‌മെന്റ് വാഹനങ്ങൾ കട്ടപ്പുറത്ത്

Please complete the required fields.




കോഴിക്കോട്: ഡീസലടിക്കാൻ പണമില്ലാത്തതിനാൽ ജില്ലയിലെ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ അഞ്ചുവാഹനങ്ങൾ ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിലുള്ള ഫിറ്റ്നസ് സെന്ററിനുള്ളിൽ പൂട്ടിയിട്ടു. ആറുമാസത്തിലേറെയായി ഇന്ധനത്തിന് പമ്പുടമകൾക്ക് പണംനൽകാത്തതിനാൽ ഒന്നരലക്ഷത്തോളം രൂപ കുടിശ്ശികയായതോടെയാണ് എൻഫോഴ്സ്‌മെന്റ് വാഹനങ്ങൾക്ക് ഡീസൽനൽകുന്നത് പമ്പുകൾ നിർത്തിയത്.

നിലവിൽ എട്ടുവാഹനങ്ങളാണ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിനുള്ളത്. ഇതിൽ അഞ്ചെണ്ണം ഡീസലും മൂന്നെണ്ണം ഇലക്‌ട്രിക് വാഹനങ്ങളുമാണ്. ഇതിൽ 15 ദിവസത്തോളമായി ഡീസൽ വാഹനങ്ങൾ കട്ടപ്പുറത്താണ്. നിർത്തിയിട്ട വാഹനങ്ങളിൽ ആർടിഒയുടെ വാഹനവും ഉൾപ്പെടുന്നുണ്ട്.അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് വാഹനങ്ങളില്ലാത്തതിനാൽ ഇപ്പോൾ പരിശോധന മുടങ്ങിയിരിക്കുന്നത്. കട്ടപ്പുറത്തായ വാഹനങ്ങളിൽ പരിശോധനയ്ക്കായിമാത്രം ഉപയോഗിക്കുന്ന രണ്ട് ഇന്റർസെപ്റ്റർ വാഹനങ്ങളുമുൾപ്പെടും.

ഡീസലിനുള്ള കുടിശ്ശികതീർക്കുന്നതിനായി പണമനുവദിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലേക്ക് നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. ജില്ലയിലുടനീളം പരിശോധന നടത്തുന്നത് കോഴിക്കോട് ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിലുള്ള എൻഫോഴ്സ്‌മെന്റ് സ്ക്വാഡാണ്. മൊത്തത്തിൽ ഒൻപത് സ്ക്വാഡിൽനിന്നായി 30-ഓളം ഉദ്യോഗസ്ഥരാണ് ഇവിടെ പ്രവർത്തിക്കുന്നത്. എന്നാൽ, ഇപ്പാൾ മൂന്നുവാഹനങ്ങളിലായി ഒരേസമയം നാല് സ്ക്വാഡുമാത്രമാണ് പരിശോധന നടത്തുന്നത്. ബാക്കിയുള്ള സ്ക്വാഡുകളുടെ പരിശോധന മുടങ്ങിയിരിക്കുകയാണ്. പരിശോധന മുടങ്ങിയാൽ എന്തുചെയ്യുമെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. കുടിശ്ശികയുള്ള തുക നൽകിയാൽമാത്രമേ ഡീസൽ വീണ്ടും നൽകുകയുള്ളൂവെന്ന് പമ്പധികൃതർ കർശനമായി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ധനംനിറച്ചതിന് പമ്പുകൾക്കുനൽകേണ്ട കുടിശ്ശിക നൽകാത്തതിനാലാണ് വാഹനങ്ങൾക്ക് ഡീസൽ ലഭിക്കാതിരുന്നതെന്നും കുടിശ്ശികയായുള്ള തുക ഈയാഴ്ച അനുവദിക്കുമെന്നാണ് കരുതുന്നതെന്നും ആർടിഒ സി.എസ്. സന്തോഷ്‌കുമാർ പറഞ്ഞു.

Related Articles

Back to top button