
കോഴിക്കോട് : ഏതുനിമിഷവും പൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽനിന്ന്, കോഴിക്കോട് ബീച്ച് അഗ്നിരക്ഷാസേനയുടെ പ്രവർത്തനം വെള്ളയിലേക്ക് മാറ്റാൻ തീരുമാനിച്ചതിന്റെ ആശ്വാസത്തിലായിരുന്നു സേനാംഗങ്ങൾ. ഒരു യൂണിറ്റ് കോന്നാട് ബീച്ചിലെ ഫിഷറീസ് മേഖലാ ഓഫീസ് കോമ്പൗണ്ടിലെ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡ് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റുകയുംചെയ്തു. എന്നാൽ, ഇതിനിടെയാണ് ഇത് പൈതൃകക്കെട്ടിടമാണെന്നും ഇവിടെ നിർമാണപ്രവർത്തനങ്ങൾ നടത്താനാവില്ലെന്നും അറിയിച്ച് ഉത്തരമേഖലാ ഫിഷറീസ് ജോയന്റ് ഡയറക്ടറുടെ കത്ത് വന്നിരിക്കുന്നത്.
ഇതോടെ ബീച്ച് ഫയർസ്റ്റേഷൻ മാറ്റം പ്രതിസന്ധിയിലായിരിക്കുകയാണ്. കാലപ്പഴക്കംകാരണം പൊളിഞ്ഞുവീഴാറായ ഫയർസ്റ്റേഷൻ കെട്ടിടം താത്കാലികമായി കോന്നാട് ബീച്ചിലേക്ക് മാറ്റാൻ ജില്ലാ ദുരന്തനിവാരണഅതോറിറ്റി ചെയർമാൻകൂടിയായ കളക്ടർ എ. ഗീത ഉത്തരവിട്ടിരുന്നു. തുടർന്ന്, കോന്നാട് ബീച്ചിലെ ഫിഷറീസ് മേഖലാ ഓഫീസ് കോമ്പൗണ്ടിലെ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡ് ഓഫീസിന്റെ താഴത്തെ നിലയിലേക്കാണ് താത്കാലികമായി മാറ്റിയത്.
അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് ആദ്യഘട്ടമായി ഈ കെട്ടിടത്തിൽ പ്രവർത്തനവും തുടങ്ങി. എന്നാൽ, അഗ്നിരക്ഷാസേനയ്ക്ക് പൂർണമായും പ്രവർത്തനം തുടങ്ങാൻ വാഹനങ്ങൾ പാർക്കുചെയ്യാനുള്ള ഗാരേജ്, ശൗചാലയം എന്നിവ ഇവിടെ പണിയേണ്ടത് അത്യാവശ്യമായിരുന്നു. ഗാരേജ് ഇല്ലെങ്കിൽ വിലകൂടിയ ഉപകരണങ്ങളും വാഹനങ്ങളും നശിക്കുമെന്നതിനാലാണിത്.
ഇതിനായി ഫിഷറീസ് ജോയന്റ് ഡയറക്ടർക്ക് ഫയർഫോഴ്‌സ് അധികൃതർ കത്തുനൽകിയിരുന്നു. ഇതിനാണിപ്പോൾ മറുപടിവന്നിരിക്കുന്നത്. പൈതൃകക്കെട്ടിടമാണെന്നും ഇത് സംസ്ഥാന ഫിഷറീസ് മ്യൂസിയമാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ വിധവകൾക്ക് കോഫി ഷോപ്പ് തുടങ്ങുന്നതിനും നടപടികൾ സ്വീകരിച്ചുവരുകയാണെന്നുമാണ് കത്തിലറിയിച്ചിരിക്കുന്നത്. നിർമാണം നടത്താൻ അനുവദിക്കില്ലെന്ന് ഫിഷറീസ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, മൺസൂൺ കഴിഞ്ഞാൽ അനുവദിച്ച ഭാഗം ഫിഷറീസ് വകുപ്പിന് തിരിച്ചുനൽകണമെന്നും കത്തിൽ പറയുന്നു.





