
നാദാപുരം: വളയം ചെക്യാട് മഞ്ഞപ്പള്ളിയില്‍ വിവാഹവീട്ടിലെ വഴക്കിനെ തുടര്‍ന്ന് ഒരാള്‍ക്ക് വെട്ടേറ്റു. മഞ്ഞപ്പള്ളി നെല്ലിക്കാപറമ്പിലെ പൂത്തോളിക്കുഴിയില് സുരേന്ദ്രനെയാണ് ബന്ധു കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിപരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്താണ് സംഭവം.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുരേന്ദ്രനെ സഹോദരന്റെ മകളുടെ ഭര്‍ത്താവായ ശ്യാമപ്രസാദ് കാറിടിച്ച് വീഴ്ത്തിയശേഷം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പുറത്താണ് രണ്ട് വെട്ടുകള്‍ ഏറ്റത്. സംഭവ സമയത്ത് റോഡിലുണ്ടായിരുന്ന സ്ത്രീ ബഹളം വെക്കുകയായിരുന്നു. ഇതിനിടെ വെട്ടേറ്റ് വീണ സുരേന്ദ്രന് ഓടി രക്ഷപ്പെട്ടു. ശ്യാമ പ്രസാദ് നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് വരുന്നത് കണ്ട് കാറില്‍ കടന്ന് കളഞ്ഞു.തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സുരേന്ദ്രന്.
സുരേന്ദ്രന്റെ സഹോദരന്റെ മകന് വിവാഹമായിരുന്നു ഞായറാഴ്ച. രാത്രി ഗാനമേളയ്ക്കിടയില്‍ സുരേന്ദ്രനും ശ്യാമപ്രസാദം തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു.





