
താമരശ്ശേരി: കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസ്സോസിയേഷന് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ നേതൃത്വ പഠന ക്യാമ്പ് നടത്തി. നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കാര്യക്ഷമവും, ജനസൗഹൃദപരവും, അഴിമതി രഹിതവും, സമയബന്ധിതവുമായ സേവനം ഉറപ്പ് വരുത്തുന്നതിന് റവന്യൂ ജീവനക്കാരെ സജ്ജരാക്കാന്‍ പഠന ക്യാമ്പുകള്‍ പ്രയോജനപ്പെടുത്തണമെന്ന് ഓമശ്ശേരി റോയിഡ് ഹാളില്‍ നടന്ന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ പറഞ്ഞു.
കെ.ആര്. കെ.ആര്.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് സുനില്‍കുമാര്‍ പി.യുടെ അദ്ധ്യക്ഷതയില്‍ ക്യാമ്പ് ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാര്‍, ജനറല്‍ സെക്രട്ടറി എം.എം. നജീം, സി.പി.ഐ. മണ്ഡലം സെക്രട്ടറി ടി.എം. പൗലോസ് മാസ്റ്റര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം ടി.എം. സജീന്ദ്രന്, കെ.ആര്.ഡി.എസ്.എ. സെക്രട്ടറിയേറ്റംഗങ്ങളായ എസ്.കെ.എം, ബഷീര്‍, സി.പി. മണി, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജയപ്രകാശ്, കെ.ആര്.ഡി.എസ്.എ. സംസ്ഥാന കമ്മിററിയംഗം ടി. അബ്ദുള്‍ ജലീല്‍, ഐ.ടി. മിനി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഖിലേഷ് കെ.പി. സ്വാഗതവും, ട്രഷറര്‍ ഫൈസല്‍ ആര്.എസ് നന്ദിയും പറഞ്ഞു. ലീഡര്‍ഷിപ്പ് എക്സലന്‍സ് എന്ന വിഷയത്തില്‍ പ്രമുഖ മോട്ടിവേറ്റര്‍ ബെന്നി കുര്യന് ക്ലാസ് നയിച്ചു.
തുടര്‍ന്ന് റവന്യൂ സൗഹൃദസദസ്സും, ജീവനക്കാര്‍ അവതരിച്ച വിവിധ കലാപരിപാടികളോടെയുള്ള കലാസന്ധ്യയും നടന്നു. രണ്ടാം ദിവസം ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷ പരിപാടിയോടെ ക്യാമ്പ് ആരംഭിച്ചു. മൂല്യമുള്ള സിവില്‍ സര്‍വ്വീസും, പൊതു സമൂഹവും എന്ന വിഷയത്തില്‍ സുരേഷ് ബാബു കൂത്തുപറമ്പും, സേവന മേഖലയിലെ പുത്തന്‍ വെല്ലുവിളികളും, സര്‍വ്വീസ് സംഘടനയുടെ പ്രസക്തിയും എന്ന വിഷയത്തില്‍ ജോയിന്റ് കൗണ്‍സില്‍ മുന്‍ ചെയര്മാന് സജി മോട്ടിലാലും ക്ലാസ്സ് എടുത്തു. മൂന്നു മണിയ്ക്ക് ക്യാമ്പ് അവലോകനത്തോടെ പൂര്‍ത്തിയായി.





