Kerala

വ്യാജ പഠനവിസ നല്‍കി പണംതട്ടി; കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത് യു.കെയില്‍ എത്തിയപ്പോള്‍

Please complete the required fields.




തൃശ്ശൂര്‍: യു.കെ.യില്‍ പഠനവിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി. പാട്ടുരായ്ക്കല്‍ ആസ്ഥാനമായ ബി സ്‌കില്‍ഡ് സര്‍വീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ ആദിത്യ അബ്രഹാം, സുജില്‍ ധര്‍മന്‍ എന്നിവരുടെ പേരിലാണ് പരാതി. യു.കെ.യില്‍ മാസ്റ്റേഴ്‌സ് പഠനത്തിനുള്ള വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി പകരം ഹ്രസ്വകാല കോഴ്‌സിനുള്ള വിസ നല്‍കി കബളിപ്പിച്ചുവെന്നാണ് ആരോപണം.

തിരുവനന്തപുരം സ്വദേശി എ.എം. ദേവിപ്രിയ, വയനാട് സ്വദേശി പാട്ടുകുറ്റിക്കല്‍ അനീറ്റാ ജോണ്‍, കുരിയച്ചിറ സ്വദേശികളായ സൂരജ് ശക്തന്‍, വല്ലത്ത് വട്ടപറമ്പില്‍ ഷാന്റോ, നെട്ടിശ്ശേരി സ്വദേശി റിന്‍സി കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ക്കാണ് പണം നഷ്ടമായത്.

ഒരു വര്‍ഷത്തിനിടെയാണ് ഇവരില്‍നിന്ന് പണം വാങ്ങിയത്. റിന്‍സി ഒഴികെ ബാക്കിയുള്ളവര്‍ക്ക് പഠനവിസ ആയിരുന്നു. ഇവര്‍ നാലുപേരും യു.കെ.യില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് അറിയുന്നത്. റിന്‍സിക്ക് ഹോം കെയര്‍ വിസയും അനീറ്റ, ഷാന്റോ, ദേവിപ്രിയ എന്നിവര്‍ക്ക് പോസ്റ്റ്മൗത്തിലെ സ്പിന്നാക്കര്‍ സ്‌കൂള്‍ ഓഫ് ഇംഗ്‌ളീഷ് എന്ന സ്ഥാപനത്തിലും സൂരജിന് യു.കെ. സ്‌കൂള്‍ ഓഫ് ഇംഗ്‌ളീഷ് ക്രോയിഡോന്‍ എന്ന സ്ഥാപനത്തിലും മാസ്റ്റേഴ്‌സ് വിസ ശരിയാക്കി നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വിദ്യാര്‍ഥികള്‍ യു.കെ.യില്‍ എത്തിയപ്പോഴാണ് ലഭിച്ച വിസ ആറുമാസത്തെ ഹ്രസ്വകാല കോഴ്‌സിനുള്ളതാണെന്ന് മനസ്സിലായത്.

ഇത്തരം വിസയിലെത്തുന്നവര്‍ക്ക് പഠനകാലത്തിനുശേഷം യു.കെ.യില്‍ തുടരാനാവില്ല. തയ്യാറാക്കി നല്‍കിയ കോഴ്‌സിനുപോലും ഏജന്‍സി പണം അടച്ചില്ലെന്ന് പരാതിക്കാര്‍ പറയുന്നു. താമസസൗകര്യം ലഭിക്കാത്തതിനാല്‍ ഷെല്‍ട്ടര്‍ ഹോമുകളിലാണ് ഇവര്‍ കഴിഞ്ഞത്. സ്ഥാപനത്തിന്റെ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

അനീറ്റയില്‍നിന്ന് എട്ട് ലക്ഷം, സൂരജില്‍നിന്ന് 6.54 ലക്ഷം, ഷിന്റോയില്‍നിന്ന് ആറു ലക്ഷം, റിന്‍സിയില്‍നിന്ന് 11.16 ലക്ഷം, ദേവിപ്രിയയില്‍നിന്ന് 15 ലക്ഷം എന്നിങ്ങനെയാണ് ഏജന്‍സി തട്ടിയത്. കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍. വീടടക്കം പണയപ്പെടുത്തി പണം നല്‍കിയ ഇവരില്‍ പലരും ജപ്തിഭീഷണിയിലാണ്.

Related Articles

Back to top button