തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടരവയസ്സുകാരി ഇന്ന് കോലഞ്ചേരിയിലെ ആശുപത്രി വിടും; തുടർചികിത്സ ശ്രീചിത്രയിൽ

കൊച്ചി: തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടരവയസ്സുകാരിയെ ഇന്ന് കോലഞ്ചേരിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യു൦. തുടർചികിത്സ തിരുവനന്തപുരം ശ്രീചിത്രയിൽ ആകും ഇനി നടത്തുക. കുട്ടിയുടെ അച്ഛന്റെ ആവശ്യം പരിഗണിച്ചാണ് സിഡബ്ല്യുസിയുടെ തീരുമാനം. മേൽനോട്ടം തിരുവനന്തപുരം സിഡബ്ല്യുസിക്ക് കൈമാറി.
കുഞ്ഞിൻ്റെ പരിക്കേറ്റ ഇടതുകൈയുടെ സർജറി വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടി ആഹാരം കഴിക്കുന്നുണ്ടെങ്കിലും സംസാര ശേഷി വീണ്ടെടുത്തിട്ടില്ല. ഇതിന് കൂടുതൽ സമയം വേണ്ടി വന്നേക്കാമെന്നാണ് കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.
എങ്ങനെയാണ് കുട്ടിക്ക് പരിക്കേറ്റതെന്നത് ഇതുവരെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ ആരോ ബലമായി പിടിച്ച് കുലുക്കിയതിനെ തുടർന്നുള്ള ആഘാതത്തിലാണ് തലച്ചോറിനും നട്ടെല്ലിനും ഇങ്ങനെ സാരമായ പരിക്കേറ്റെന്ന് ഡോക്ടർമാരും വ്യക്തമാക്കി. ഇതോടെയാണ് അമ്മ അറിയാതെ കുഞ്ഞിന് ഇങ്ങനെ സംഭവിക്കില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. എന്നാൽ ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം വരുത്തിയ പരിക്കെന്നാണ് അമ്മയും അമ്മൂമ്മയും ആവർത്തിച്ച് പറയുന്നത്. സിഡബ്ല്യൂസിയുടെ കൗൺസിലിംഗിന് ശേഷം സഹോദരിയുടെ പന്ത്രണ്ട് വയസുകാരനായ മകനും ഇത് തന്നെ പറയുന്നു.





