Kozhikode

കാർ സർവീസ് സെന്ററിൽ തീപ്പിടിത്തം: ലക്ഷങ്ങളുടെ നഷ്ടം

Please complete the required fields.




കോഴിക്കോട് : വെള്ളയിൽ പണിക്കർ റോഡിലെ കാർ സർവീസ് സെന്ററിലെ പെയിന്റിങ്‌ ബൂത്തിൽ വൻതീപ്പിടിത്തം. ഇൻഡസ് മോട്ടോഴ്‌സിന്റെ റീ പെയിന്റിങ്‌ ബൂത്ത് പ്രവർത്തിച്ചിരുന്ന ഷെഡ്ഡിലാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ തീപ്പിടിത്തമുണ്ടായത്. പെയിന്റിങ്‌ യന്ത്രസാമഗ്രികളടക്കം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു. അഗ്നിശമനസേന ഔദ്യോഗികമായി നഷ്ടം കണക്കാക്കിയിട്ടില്ല.

തീപ്പിടിത്തമുണ്ടായ ഉടനെ വർക്ക് ഷോപ്പിലെ കാറുകൾ ദൂരേക്ക്‌ മാറ്റിയതിനാൽ വൻ നാശനഷ്ടം ഒഴിവാക്കാനായി. ആറ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. നാട്ടുകാരും സേനാംഗങ്ങളോട് സഹകരിച്ചു. സ്റ്റേഷൻ ഓഫീസർ കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിന് സമീപം ആരോ ചപ്പുചവറുകൾക്ക് തീയിട്ടത് പടർന്നുപിടിച്ചതാണെന്ന് സംശയിക്കുന്നു. ഷെഡ്ഡിലുണ്ടായിരുന്ന റബ്ബർ, പ്ലാസ്റ്റിക് വസ്തുക്കളും പഴയ ടയറുകളും മറ്റും കത്തിനശിച്ചു. പെയിന്റിനും മിക്സിങ്‌ യൂണിറ്റിനും തീപിടിച്ചത് മൂലം സ്ഥലത്ത് രൂക്ഷഗന്ധവും ഉയർന്നു.

ബീച്ച് ഫയർ സ്റ്റേഷനിൽ ഇപ്പോൾ ഒരു യൂണിറ്റ് മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഈ യൂണിറ്റ് പാവങ്ങാട്ടുള്ള ജില്ലാ ഹോമിയോ ആശുപത്രി വളപ്പിലെ തീയണയ്ക്കാൻ പോയതായിരുന്നു. പത്തുമണിയോടെയാണ് അവിടെ തീപ്പിടിത്തമുണ്ടായത്. മുളങ്കൂട്ടത്തിന് തീപിടിച്ച അവിടെ തീയണയ്ക്കാൻ വൈകി. അവിടെ പോയ യൂണിറ്റിലെ വെള്ളം തീരാറായിരുന്നു. അതിനാൽ ബീച്ചിലെ യൂണിറ്റ് പണിക്കർ റോഡിലെത്തിയത് മാനാഞ്ചിറയിൽനിന്നും വെള്ളം വീണ്ടും ശേഖരിച്ച ശേഷമാണ്.

മീഞ്ചന്തയിൽ നിന്നും വെള്ളിമാടുകുന്നിൽ നിന്നുമുള്ള യൂണിറ്റുകൾ എത്തിയ ശേഷമാണ് ബീച്ചിൽനിന്നുള്ള യൂണിറ്റിന് സ്ഥലത്തെത്താനായത്. നഗരത്തിൽ തീപ്പിടിത്തമുണ്ടാവുമ്പോൾ അണയ്ക്കാൻ നഗരത്തിൽത്തന്നെ ഫയർ സ്റ്റേഷൻ പ്രവർത്തിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. പക്ഷേ, അധികൃതർ നിസ്സംഗത പുലർത്തുകയാണ്. ഏകദേശം ഒരേ സമയം രണ്ടിടത്ത് തീപ്പിടിത്തമുണ്ടായതാണ് ഞായറാഴ്ച പണിക്കർ റോഡിൽ എത്താൻ വൈകിയതിന് കാരണമെന്ന് അഗ്നിരക്ഷാ സേനാ ജീവനക്കാർ പറഞ്ഞു.

Related Articles

Back to top button