Ernakulam

ഗൂഢാലോചന അന്വേഷിക്കണം; ലൈംഗികാരോപണക്കേസിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി നിവിൻ പോളി

Please complete the required fields.




കൊച്ചി: ലൈംഗികാരോപണക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി നടൻ നിവിൻ പോളി ഡിജിപിയ്ക്കും പരാതി കൈമാറി. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയിൽ പറയുന്നത്. പീഡനം നടന്നുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്ന ദിവസങ്ങളിൽ താൻ ഉണ്ടായിരുന്നത് കേരളത്തിലാണെന്ന് നടൻ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണം. കരിയർ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇ-മെയിൽ മുഖേനയാണ് പരാതി നൽകിയത്.

സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ നിവിൻപോളിക്കെതിരായ പീഡനാരോപണം വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. പീഡനം നടന്നു എന്ന് പറയുന്ന ദിവസം നിവിൻപോളി തന്റെ കൂടെയായിരുന്നുവെന്നും ഇതിന്റെ ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 2023 ഡിസംബർ 14ന് നിവിൻ ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലാണ് ഉണ്ടായിരുന്നത്. 15ന് പുലർച്ചെ മൂന്ന്‌മണിവരെ നിവിൻ തന്നോടൊപ്പം ഉണ്ടായിരുന്നു. യാഥാർത്ഥ്യം ഉടനെ തെളിയണമെന്നുമായിരുന്നു വിനീതി ശ്രീനിവാസൻ പറഞ്ഞത്.

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു നിവിൻ പോളിക്കെതിരെ യുവതി നൽകിയ പരാതി. പരാതിയിൽ എറണാകുളം ഊന്നുകൽ പൊലീസാണ് നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസിലെ ആറാം പ്രതിയാണ് നിവിൻ പോളി. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരി. നിലവിൽ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കേസിൽ യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതൽ ഡിസംബർ 15വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി.

സിനിമയിലും യൂറോപ്പിലും ജോലി വാഗ്ദാനം ചെയ്യുകയും തുടർന്ന് ദുബായിൽ കൊണ്ടുപോയി ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം നിവിൻ പോളിക്കെതിരായ തെളിവൊന്നുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. യുവതിയുടെ പരാതിയിൽ അടിസ്ഥാനമില്ലെന്ന് നിവിൻ പോളി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇത് തെളിയിക്കാൻ ഏതറ്റം വരെ പോകുമെന്നായിരുന്നു നിവിൻ പോളി പ്രതികരിച്ചത്. പീഡന പരാതിയിൽ നിയമപരമായി പോരാടുമെന്നും നിവിൻ പോളി അറിയിച്ചിരുന്നു.

Related Articles

Back to top button