Thiruvananthapuram

മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ച് മുകേഷ്; ‘തെളിവുകൾ കൈവശമുണ്ട്’, മുൻകൂർ ജാമ്യം തേടില്ലെന്ന് സൂചന

Please complete the required fields.




തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ച് നടനും എംഎൽഎയുമായ എം മുകേഷ്, പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും മുകേഷ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
മുന്നണിക്കുള്ളിൽ നിന്നു തന്നെ രാജി ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് തിരക്കിട്ട് മുഖ്യമന്ത്രിയെ കണ്ടത്. പരാതിക്കാരി പണം തട്ടാൻ ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറി. ബലാത്സംഗ കേസിൽ മുകേഷ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കില്ലെന്നാണ് സൂചന.

തന്റെ പക്കൽ ഉണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകൾ നിരത്തി നിയമപരമായി നേരിടാനാണ് മുകേഷിന് നിയമോപദേശം ലഭിച്ചത്. അതിനാൽ തൽക്കാലം ഹൈക്കോടതിയെ സമീപിക്കില്ല. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിൽ മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആരോപണത്തിൽ കേസെടുത്തതോടെ മുകേഷ് എംഎൽഎ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന ആവശ്യം ശക്തമായി. മുകേഷ് രാജിവെച്ച് അന്വേഷണത്തെ നേരിടുന്നതാണ് ധാർമ്മികതയെന്ന് സിപിഐ അഭിപ്രായപ്പെട്ടു.

രാജി ആവശ്യവും പ്രതിപക്ഷ പ്രതിഷേധവും ശക്തമായതോടെ മുകേഷിന്റെ വീടിന് മുന്നിൽ സുരക്ഷ ശക്തമാക്കി. കുമാരപുരത്തെ വീട് ശക്തമായ പൊലീസ് സംരക്ഷണത്തിലാണ്. മുന്നണിക്കുള്ളിൽ നിന്ന് പോലും രാജി സമ്മർദ്ദം ഉണ്ടായിട്ടും താരത്തെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. കോൺഗ്രസിൽ ലൈംഗികാതിക്രമ ആരോപണം നേരിട്ട കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചില്ലല്ലോയെന്നാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചത്. ആരോപണം നേരിടുന്ന മൂന്നാമത്തെ എംഎൽഎയാണ് മുകേഷ്. ആദ്യത്തെ രണ്ട് എംഎൽഎമാർ രാജിവെക്കാത്ത സ്ഥിതിക്ക് മുകേഷ് രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു.

Related Articles

Back to top button