കോഴിക്കോട് ബീച്ചിൽ വണ്ടിനിര്‍ത്തിയിട്ടാൽ അടിച്ചുമാറ്റും; റെയില്‍വേ പാര്‍ക്കിലെ വാഹനമോഷ്ടാവ് പിടിയിൽ

കോഴിക്കോട്: ബീച്ചില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്ന് വിലപിടിപ്പുള്ള സാധനങ്ങളുടെ കവര്‍ച്ച പതിവാകുന്നു. വിലപിടിപ്പുള്ള മൊബൈല്‍ഫോണുകള്‍, സ്വര്‍ണം, പണം, ലാപ്ടോപ്പ് എന്നിവ നഷ്ടപ്പെട്ടതായാണ് പരാതി.
വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനുവരി ഒന്നുമുതല്‍ ഈ ആഴ്ച ഇതുവരെയായി 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 10 പരാതികളും ഒരേസ്ഥലത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നടന്ന കവര്‍ച്ചയാണ്.
കേസ് രജിസ്റ്റര്‍ ചെയ്യാത്ത സംഭവങ്ങള്‍ ഇതിലും കൂടുതലാണ്. വിലപിടിപ്പില്ലാത്ത സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ പരാതിനല്‍കാതെ പോവുകയാണ്. വിലപിടിപ്പുള്ള വസ്തുക്കളാണെങ്കില്‍ മാത്രമേ പരാതിക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടാറുള്ളൂവെന്ന് പോലീസ് അറിയിച്ചു. വൈകീട്ടുമുതല്‍ രാത്രിവരെയുള്ള സമയങ്ങളിലാണ് മോഷണം പതിവാകുന്നത്. സ്‌കൂട്ടര്‍യാത്രക്കാരുടെ സാധനങ്ങളാണ് കൂടുതലും നഷ്ടപ്പെട്ടത്. സ്‌കൂട്ടറിന്റെ ഡിക്കിക്കടിയില്‍വെച്ച സാധനങ്ങളാണ് ഭൂരിഭാഗവും മോഷ്ടിച്ചത്.
ബീച്ചില്‍ എത്തുന്നവര്‍ അധികംപേരും കടലില്‍ ഇറങ്ങുന്നവര്‍ കൂടിയാണ്. ഇവര്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ നനയാതിരിക്കാന്‍ സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിക്കുന്നു. കാറിന്റെ ഗ്ലാസുകള്‍ താഴ്ത്തിയിട്ട് പോകുന്നവരുമുണ്ട്. വയനാട് സ്വദേശിയുടെ ഒരു പവന്‍ മാല തിങ്കളാഴ്ച ബീച്ചില്‍ നിന്ന് മോഷ്ടിച്ചു. താക്കോല്‍ സ്‌കൂട്ടറില്‍ വച്ച് പോകുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ച പെരുകിയതോടെ ഇവരെ പിടികൂടാന്‍ മഫ്ടിയില്‍ ഇവിടെ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്ന് വെള്ളയില്‍ പോലീസ് വ്യക്തമാക്കി.
റെയില്‍വേ പാര്‍ക്കിങ്ങില്‍നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച യുവാവിനെ പിടികൂടി. പയ്യാനക്കല്‍ സ്വദേശി അക്ഷയ്(24)യെയാണ് ടൗണ്‍ പോലീസ് പയ്യാനക്കല്‍ ഭാഗത്തുനിന്ന് പിടികൂടിയത്. ഇരുചക്രവാഹനം പ്രതിയില്‍നിന്നും പോലീസ് കണ്ടെടുത്തു. ഒട്ടേറെ സി.സി.ടിവി. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്റ്റുചെയ്യുകയായിരുന്നു.
ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി. ജിതേഷിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസുംചേര്‍ന്നാണ് പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. മുരളീധരന്‍, മുഹമ്മദ് സിയാദ്, സി.പി.ഒ. ജിതിന്‍, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.





